പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസ് നിക്ഷേപ തട്ടിപ്പ്; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
ചാവക്കാട്: പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസ് നിക്ഷേപ തട്ടിപ്പു കേസിൽ പ്രതി അറസ്റ്റിൽ. ഗുരുവായൂർ തിരുവെങ്കിടം താണിയിൽ പ്രഭാകരനെ(64)യാണ് ഗുരുവായൂർ അസി. കമ്മീഷണറിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിലെ മലയാളി ക്ഷേമനിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് നിക്ഷേപം സ്വീകരിച്ച ശേഷം തുക തിരികെ നൽകാതെ നിക്ഷേപകരെ വഞ്ചിച്ച കേസിലാണ് അറസ്റ്റ്. പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഡയറക്ടർമാരിലൊരാളാണ് പ്രഭാകരൻ. പത്തു മാസത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചാവക്കാട് പോലീസ് സബ് ഇൻസ്പെക്ടർ പ്രീത ബാബുവും പോലീസ് സംഘവും വീട്ടിലെത്തി പ്രതിയെ അറസ്റ്റു ചെയ്തത്. പാവറട്ടി, വാടാനപ്പളളി തുടങ്ങി വിവിധ സ്റ്റേഷനുകളിലായി പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിനിതെരെ അറുപതിലധികം കേസുകളാണ് നിലവിലുണ്ട്. 10 കോടിയിലധികം രൂപയാണ് സംഘം തട്ടിപ്പു നടത്തിയത്. കേസിൽ ഇനിയും പ്രതികളെ അറസ്റ്റു ചെയ്യാൻ ബാക്കിയുണ്ട്. ഈ കേസിൽ ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വി.വി വിമലിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് അന്വേഷണം നടത്തുന്നത്. ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ബഹു. കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. സബ് ഇൻസ്പെക്ടർ കെ.വി വിജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ റോബിൻസൺ, ഇ.കെ ഹംദ്, രജനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.