അടിമുടി വിഭാഗീയത, സംസ്ഥാന സെക്രട്ടറിയുടെ സമീപനങ്ങളോട് അനിഷ്ടം; ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിമര്‍ശം
നീലേശ്വരം: പുറത്ത് കനത്തമഴയും അകത്ത് ചൂടേറിയ ചർച്ചകളുമായി സി.പി.എം. ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമായി.
കാസർകോട്ടെ പാർട്ടിയില്‍ അടിമുടി വിഭാഗീയതയാണെന്നും ലോക്കല്‍, ഏരിയ, ജില്ലാതലത്തില്‍ ഗ്രൂപ്പുകള്‍ പ്രകടമാണെന്നും ജില്ലാ കമ്മിറ്റിയിലെ വിഭാഗീയത തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണമായെന്നും ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിമർശം. കഴിഞ്ഞ ദിവസം എല്‍.ഡി.എഫ്. കണ്‍വീനർ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ നീക്കം ചെയ്തത് പക്ഷേ, വലിയ ചർച്ചയായില്ല.
പല കാര്യങ്ങളിലും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സമീപനങ്ങളോട് പ്രവർത്തകർ അനിഷ്ടം പ്രകടിപ്പിച്ചതായാണ് വിവരം. പ്രത്യേകിച്ച് ചെറുവത്തൂർ കണ്‍സ്യൂമർഫെഡ് ഔട്ട്ലെറ്റുമായി ബന്ധപ്പെട്ട് വലിയതോതിലുള്ള വിമർശനം സംസ്ഥാന സെക്രട്ടറിക്ക് നേരേയുണ്ടായി. പൂട്ടിയ ഔട്ട്ലെറ്റ് മൂന്നുമാസത്തിനകം പുനഃസ്ഥാപിക്കുമെന്ന ജില്ലാ സെക്രട്ടറിയുടെ പ്രഖ്യാപനം അധികപ്പറ്റായിപ്പോയെന്ന വിമർശനം ചെറുവത്തൂരിന്റെ പടിഞ്ഞാറൻ മേഖലയിലെ ബ്രാഞ്ച് സമ്മേനത്തിലുണ്ടായി. താരതമ്യേന ഉള്‍പ്പാർട്ടി പ്രശ്നങ്ങളില്ലാത്ത ചെറുവത്തൂരില്‍ ജില്ലാ സെക്രട്ടേറിയറ്റംഗമായ കണ്‍സ്യൂമർഫെഡ് ഡയറക്ടറുടെയും കണ്‍സ്യുമർഫെഡ് മനേജറുടെയും ഇടപെടല്‍ പാർട്ടിപ്രവർത്തകർക്കിടയില്‍ വിള്ളലുണ്ടാക്കാൻ സഹായിച്ചെന്ന് ആരോപണവുമുണ്ടായി.
കണ്‍സ്യൂമർഫെഡ് ഔട്ട്ലെറ്റ് പൂട്ടിച്ചതും സ്ഥാനാർഥിനിർണയവും ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ആക്കംകൂട്ടിയതായി പ്രവർത്തകർ തുറന്നടിച്ചു. സ്ഥാനാർഥിയായി യുവാക്കളെ പരിഗണിക്കാമായിരുന്നുവെന്ന അഭിപ്രായവും പ്രകടിപ്പിച്ചു.
ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ച് രണ്ടാം സർക്കാരിന് ജനങ്ങളില്‍ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന ആരോപണങ്ങളെ പാർട്ടി ഗൗരവത്തിലെടുക്കാത്തതെന്തെന്ന ചോദ്യങ്ങളും ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഉയർന്നുവന്നു.