വിമാനം തെറ്റി റിയാദ് എയര്‍പോര്‍ട്ടില്‍ കുടുങ്ങി സുരേഷ്; ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വീട്ടുകാര്‍ കാത്തിരുന്നത് ഒരാഴ്ച

 വിമാനം തെറ്റി റിയാദ് എയര്‍പോര്‍ട്ടില്‍ കുടുങ്ങി സുരേഷ്; ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വീട്ടുകാര്‍ കാത്തിരുന്നത് ഒരാഴ്ച



റിയാദ്: ലഗേജെത്തിയിട്ടും ആളെത്താത്ത ആധിയില്‍ ഡല്‍ഹി എയർപോർട്ടില്‍ വീട്ടുകാർ ഒരാഴ്ച കാത്തിരുന്നപ്പോള്‍ റിയാദ് എയർപോർട്ടില്‍ വിമാനത്തിലേക്കുള്ള വഴി കാണാതെ കുടുങ്ങി കഴിയുകയായിരുന്നു യു.പി മഹരാജ് ഗഞ്ച് സ്വദേശി സുരേഷ് പസ്വാൻ.



ഹാഇലില്‍ ആട്ടിടയനായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ ആഗസ്റ്റ് 25നാണ് തൊഴിലുടമ റിയാദ് എയർപോർട്ടില്‍ കൊണ്ടാക്കിയത്. അന്ന് രാത്രി 8.40ന് ഡല്‍ഹിയിലേക്ക് പുറപ്പെടുന്ന നാസ് എയർലൈൻസ് വിമാനത്തിലായിരുന്നു പോകേണ്ടിയിരുന്നത്. ലഗേജ് ചെക്കിൻ, എമിഗ്രേഷൻ നടപടികള്‍ പൂർത്തിയാക്കി മൂന്നാം നമ്ബർ ടെർമിനലില്‍ ഗേറ്റ് തുറക്കുന്നതും കാത്തിരുന്നു. എന്നാല്‍, അദ്ദേഹമിരുന്ന ഏരിയ മാറിപ്പോയി. ശരിയായ ഗേറ്റ് കണ്ടെത്താൻ കഴിഞ്ഞില്ല. അവസാന സമയം വരെ അനൗണ്‍സ് ചെയ്തിട്ടും കാണാത്തിതിനാല്‍ വിമാനം അതിെൻറ സമയത്ത് പറന്നു.


സുരേഷിനെ സ്വീകരിക്കാൻ കുടുംബാംഗങ്ങള്‍ ഡല്‍ഹി എയർപോർട്ടിലെത്തിയിരുന്നു. വിമാനം വന്ന് സമയമേറെ കഴിഞ്ഞിട്ടും ആളെ കാണാതെ അധികൃതരോട് അേന്വഷിച്ചപ്പോഴാണ് ലഗേജ് മാത്രമേ വന്നിട്ടുള്ളൂ ആളെത്തിയിട്ടില്ല എന്ന് മനസ്സിലാകുന്നത്. എത്തുന്ന ഓരോ വിമാനത്തിലും പ്രതീക്ഷയർപ്പിച്ച്‌ എയർപോർട്ടില്‍ ദിവസങ്ങളോളം കഴിഞ്ഞു. ഫോണിലേക്ക് വിളിച്ചുനോക്കിയിരുന്നെങ്കിലും കിട്ടിയില്ല. എന്ത് പറ്റിയെന്നറിയാതെ ആശങ്കയിലായി ബന്ധുക്കള്‍.


ഇതിനിടെ റിയാദ് എയർപോർട്ടിലെ ഡ്യൂട്ടി മാനേജർ, മലയാളി സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടിനെ വിളിച്ചുപറഞ്ഞു, ഇന്ത്യാക്കാരനായ ഒരാള്‍ കുറച്ചുദിവസമായി മൂന്നാം നമ്ബർ ടെർമിനലിലുണ്ടെന്ന്. മൗനിയാണ്. ആഹാരം കഴിക്കുന്നില്ല, കുളിക്കുന്നില്ല, വസ്ത്രം മാറുന്നില്ല, ഒരേയിരിപ്പാണ് എന്നെല്ലാം മാനേജർ വിദശീകരിച്ചു. ശിഹാബ് ഉടൻ ഇന്ത്യൻ എംബസി കമ്യൂണിറ്റി വെല്‍ഫെയർ സെക്രട്ടറി മൊയിൻ അക്തറിനെ വിവരം അറിയിച്ചു. അവിടെ പോയി നോക്കി വേണ്ടത് ചെയ്യാൻ അദ്ദേഹം നിർദേശിച്ചു.


തുടർന്ന് ശിഹാബും പാലക്കാട് കൂട്ടായ്മ ഭാരവാഹികളായ കബീർ പട്ടാമ്ബി, റഊഫ് പട്ടാമ്ബി എന്നിവരും എയർപോർട്ടിലെത്തി. അധികൃതരുടെ അനുമതിയോടെ അകത്തു കയറി സുരേഷിനോട് സംസാരിച്ചു. എന്നാല്‍, മാനസികമായി തകർന്ന അവസ്ഥയിലായിരുന്ന അയാള്‍ക്ക് കാര്യമായിട്ടൊന്നും സംസാരിക്കാനായില്ല. കൈയിലുള്ള ഫോണ്‍ വാങ്ങി അതില്‍നിന്ന് അവസാനം വിളിച്ചയാളുടെ നമ്ബറെടുത്ത് വിളിച്ചു. ദമ്മാമില്‍ ജോലി ചെയ്യുന്ന ബന്ധുവാണ് ഫോണെടുത്തത്. കുറച്ചുദിവസമായി സുരേഷിനെ കുറിച്ച്‌ ഒരു വിവരവുമില്ലാതെ പ്രയാസത്തിലായിരുന്നെന്നും ബന്ധുക്കള്‍ ഡല്‍ഹി എയർപോർട്ടില്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പഞ്ഞു. അദ്ദേഹം നല്‍കിയ സുരേഷിെൻറ ഭാര്യയുടെ നമ്ബറിലേക്ക് വിളിച്ച്‌ ശിഹാബ് വിവരം അറിയിച്ചു. ആള്‍ ജീവനോടെയുണ്ടെന്നറിഞ്ഞപ്പോള്‍ അവർക്ക് ആശ്വാസമായി.


എത്രയും വേഗം നാട്ടിലെത്തിക്കാനായിരുന്നു പിന്നീടുള്ള ശ്രമം. എംബസി എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ടിക്കറ്റെടുത്ത് രണ്ടാം നമ്ബർ ടെർമിനലില്‍ എത്തിച്ചാല്‍ നാട്ടിലെത്തിക്കാമെന്ന് എയർ ഇന്ത്യ ഉറപ്പ് നല്‍കി. ഇതനുസരിച്ച്‌ എയർ ഇന്ത്യയുടെ ടിക്കറ്റ് എടുക്കുകയും ചെയ്തു. ടെർമിനല്‍ ഷിഫ്റ്റിങ്ങിന് എയർപോർട്ട് അധികൃതരും തയാറായി. ആറേഴ് ദിവസമായി ഒരേ വസ്ത്രം ധരിച്ചിരുന്നതിനാല്‍ മുഷിഞ്ഞിരുന്നു. മാറാൻ വേറെ വസ്ത്രങ്ങളൊന്നും കൈവശമില്ലായിരുന്നു. പാസ്പോർട്ട് അല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ശിഹാബും സംഘവും പുറത്തുപോയി പുതിയ വസ്ത്രങ്ങള്‍ വാങ്ങിക്കൊണ്ടുവന്നു. എന്നാല്‍, വസ്ത്രം മാറാനോ ഇരുന്നിടത്ത് നിന്ന് അനങ്ങാനോ സുരേഷ് തയാറായില്ല. കഠിനപരിശ്രമം നടത്തി പുതിയ വസ്ത്രമണിയിച്ചെങ്കിലും കുറച്ചധികം ദൂരമുള്ളതിനാല്‍ മൂന്നാം നമ്ബർ ടെർമിനലില്‍നിന്ന് രണ്ടാം നമ്ബർ ടെർമിനിലേക്ക് കൊണ്ടുപോകല്‍ എളുപ്പമല്ലെന്ന് മനസിലായി.


എയർ ഇന്ത്യ വിമാനം ഞായറാഴ്ച രാത്രി 9.30നാണ്. മൂന്നാം നമ്ബർ ടെർമിനലില്‍നിന്ന് രാത്രി 8.40ന് പുറപ്പെടുന്ന നാസ് വിമാനത്തില്‍ കയറ്റിവിടാമെന്ന് ഒടുവില്‍ തീരുമാനമായി. പുതിയ ടിക്കറ്റെടുത്തു. ആളെ സുരക്ഷിതമായി ഡല്‍ഹിയില്‍ കുടുംബാംഗങ്ങളുടെ അടുത്തെത്തിക്കാൻ ഒരു സഹയാത്രികനെ ചുമതലപ്പെടുത്തി വിടുകയും ചെയ്തു. ടെർമിനലില്‍ വഴിമുട്ടിയപ്പോഴുണ്ടായ മാനസികാഘാതത്തില്‍നിന്ന് പൂർണമായി മുക്തനാവാൻ കഴിഞ്ഞില്ലെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ ഡല്‍ഹിയില്‍ ഉറ്റവരുടെ അടുത്തെത്തി.




Previous Post Next Post