വിമാനത്താവളങ്ങളിൽ കുട്ടികളുടെ രേഖകൾക്ക് കർശന പരിശോധന; തനിച്ച് യാത്ര ചെയ്യുന്നവർക്ക് എയർലൈനറുകളുടെ പ്രത്യേക സേവനം നിർബന്ധം

 വിമാനത്താവളങ്ങളിൽ കുട്ടികളുടെ രേഖകൾക്ക് കർശന പരിശോധന; തനിച്ച് യാത്ര ചെയ്യുന്നവർക്ക് എയർലൈനറുകളുടെ പ്രത്യേക സേവനം നിർബന്ധം



ദുബൈ | രക്ഷിതാക്കളുടെ കൂടെയല്ലാതെ യാത്ര ചെയ്യുന്ന കുട്ടികളുടെ രേഖകൾ ഇന്ത്യൻ വിമാനത്താവളങ്ങളിൽ കർശന പരിശോധനക്ക് വിധേയമാക്കുന്നു. അഞ്ച് മുതൽ 12 വരെ വയസുള്ളവരാണെങ്കിൽ എയർലൈൻ ടിക്കറ്റിനൊപ്പം എയർലൈൻ സഹായിയുടെ സേവനം നിർബന്ധമാണ്. ഇതിനായി ടിക്കറ്റിന് പുറമെ പ്രത്യേക നിരക്ക് ഈടാക്കും. ഏതാണ്ട് 400 ദിർഹമാണ് ഈടാക്കുന്നത്.


ഈ വേനലവധിക്കാലത്ത് യു എ ഇയിൽ നിന്ന് നിരവധി കുട്ടികളാണ് നാട്ടിലേക്ക് തനിച്ചു യാത്ര ചെയ്തത്. ഇവർ തിരിച്ചു വരുമ്പോൾ ടിക്കറ്റിന്റെ പ്രത്യേക “സേവന സാക്ഷ്യപത്രം’ അനിവാര്യമായിരുന്നു. ഉറ്റവരാരെങ്കിലും കൂടെയുണ്ടെങ്കിൽ പോലും ഇത് ആവശ്യമാണ്.

എമിറേറ്റ്സും ഇത്തിഹാദ് എയർവേസും സവിശേഷ സൗകര്യം ചെയ്തുകൊടുക്കുന്നു. ഇന്ത്യയിൽ നിന്നുള്ള എല്ലാ വിമാനക്കമ്പനികളും കുട്ടികൾക്ക് മതിയായ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ പ്രത്യേക സേവനത്തിന്റെ ബുക്കിംഗ് റഫറൻസ് നമ്പർ രേഖപ്പെടുത്തണം.


മൈനർ സർവീസ് അഭ്യർഥന ഫോം പൂരിപ്പിച്ചു നൽകണം. 24 മണിക്കൂറിനുള്ളിൽ എയർലൈൻ ബന്ധപ്പെടും. കുട്ടിയുടെ ഫ്ലൈറ്റിന് 24 മണിക്കൂർ മുമ്പെങ്കിലും ഇതെല്ലാം ചെയ്യണം. 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സേവനമില്ലാതെ ഒറ്റക്ക് പറക്കാം.എന്നിരുന്നാലും, 12നും 15നും ഇടയിൽ പ്രായമുള്ള, ഒറ്റക്ക് യാത്ര ചെയ്യുന്നവർക്ക് രക്ഷിതാക്കൾ പ്രത്യേക അഭ്യർഥന നടത്തേണ്ടതുണ്ട്. അഞ്ച് മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ ടിക്കറ്റിന് മുതിർന്നവരുടെ നിരക്ക് നൽകണം.


ദുബൈ ഇന്റർനാഷണൽ എയർപോർട്ടിൽ ആണെങ്കിൽ രക്ഷിതാക്കൾക്ക് ചെക്ക്-ഇൻ ഏരിയക്ക് സമീപമുള്ള വിശ്രമമുറിയിലേക്ക് നേരിട്ട് പോകാം. തിരിച്ചറിയൽ രേഖ നൽകേണ്ടതുണ്ട്. കൂടാതെ ഒരു അനുമതി

ഫോമിൽ ഒപ്പിടാൻ രക്ഷിതാവിനോട് ആവശ്യപ്പെടും.വിമാനത്തിന്റെ വാതിൽക്കലിൽ പ്രത്യേക സഹായി കുട്ടിയെ ഏറ്റുവാങ്ങി രക്ഷിതാവിന്റെ അടുക്കൽ എത്തിക്കും. അബൂദബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർലൈൻ അഞ്ച് മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്ക് മൈനർ സർവീസ് നൽകുന്നു. അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഒറ്റക്ക് പറക്കുന്നതിന് ഈ സേവനം നിർബന്ധമാണ്.


Previous Post Next Post