മൗനം വെടിയും, എല്ലാം പറയും; ഇ.പി. ജയരാജന്റെ ആത്മകഥ ഉടൻ

 മൗനം വെടിയും, എല്ലാം പറയും; ഇ.പി. ജയരാജന്റെ ആത്മകഥ ഉടൻ



കണ്ണൂർ: എല്‍.ഡി.എഫ്. കണ്‍വീനർ സ്ഥാനത്തുനിന്ന് നീക്കിയ പാർട്ടി നടപടിയെക്കുറിച്ച്‌ മൗനം തുടരുന്ന ഇ.പി.ജയരാജൻ വ്യക്തിജീവിതത്തിലെ വിവാദങ്ങളെല്ലാം ഉള്‍പ്പെടുത്തിയുള്ള ആത്മകഥയുടെ രചനയില്‍.



പാർട്ടിനടപടിയെക്കുറിച്ച്‌ രണ്ടാംദിവസവും പ്രതികരിക്കാൻ തയ്യാറാകാത്ത അദ്ദേഹം പറയാനുള്ളതെല്ലാം അതിന്റെ ഘട്ടമെത്തിയാല്‍ പറയാമെന്ന നിലപാടിലാണ്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നിങ്ങളെ വിളിക്കാമെന്നായിരുന്നു ശനിയാഴ്ച സംസ്ഥാനസമിതി യോഗത്തില്‍ പങ്കെടുക്കാതെ തിരുവനന്തപുരത്തുനിന്ന് മടങ്ങി വീട്ടിലെത്തിയ അദ്ദേഹത്തിന്റെ പ്രതികരണം. ഞായറാഴ്ചയും മാധ്യമപ്രവർത്തകർ അരോളിയിലെ വീട്ടിലെത്തിയെങ്കിലും കാണാൻ വിസമ്മതിച്ചു.


ആത്മകഥയുടെ രചന പുരോഗമിക്കുന്നതായി അദ്ദേഹം ഞായറാഴ്ച ഒരു ചാനലിനോട് പറഞ്ഞു. 'ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച്‌ വിശദമായി പ്രതിപാദിക്കുന്ന ആത്മകഥയില്‍ പാർട്ടിക്കകത്തും പുറത്തുമുള്ള എല്ലാ കാര്യങ്ങളും പറയും. ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള വിവാദ കൂടിക്കാഴ്ചയുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും വസ്തുതകളും പുസ്തകത്തിലുണ്ടാകും. തനിക്കെതിരേ ചിലതെല്ലാം ബോധപൂർവം കൂട്ടിച്ചേർത്ത് വാർത്തയുണ്ടാക്കുന്നതാണ്'- അദ്ദേഹം പറഞ്ഞു. ഒരുകാര്യവുമില്ലാത്ത ആരെങ്കിലുമുണ്ടാകുമോ. രാഷ്ട്രീയജീവിതം തുടരുന്നതിനെക്കുറിച്ച്‌ ഒരുഘട്ടം കഴിഞ്ഞാല്‍ പറയാമെന്ന് പത്രക്കാരോട് പറഞ്ഞിട്ടുണ്ടെന്നും ജയരാജൻ വ്യക്തമാക്കി.


സംസ്ഥാന സി.പി.എമ്മില്‍ ഒരുകാലത്ത് രണ്ടാമനായി വളർന്ന ഇ.പി.ജയരാജൻ സമീപകാലത്തെ ചില ഇടപെടലുകളിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെയുള്ളവരുടെ അപ്രീതിക്കിടയായി നടപടി നേരിട്ടത്. അതില്‍ ഇ.പി.ക്ക് കടുത്ത അമർഷമുണ്ടെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്.


ഈ സാഹചര്യത്തില്‍ അണിയറരഹസ്യങ്ങളെല്ലാം വിവാദങ്ങളുടെ സഹയാത്രികനായ ഇ.പി. തുറന്നെഴുതിയാല്‍ അത് കേരളരാഷ്ട്രീയത്തില്‍ ഭൂകമ്ബമുണ്ടാക്കും. പാർട്ടിക്കെതിരേ ഇ.പി.ജയരാജൻ പരസ്യപ്രതികരണത്തിന് തുനിയില്ലെന്നുതന്നെയാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. സ്വത്തുസമ്ബാദനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കാണിച്ച്‌ പാർട്ടി സംസ്ഥാനസമിതിക്ക് ഒന്നരവർഷം മുൻപ് കിട്ടിയ പരാതി ഇതുവരെ പരിഗണിച്ചിട്ടില്ല.


വൈദേഹം റിസോർട്ടുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ച്‌ പാർട്ടിയിലെ മറ്റൊരു പ്രമുഖ നേതാവ് നല്‍കിയ പരാതി പല കാരണങ്ങള്‍ കാണിച്ച്‌ നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഈ സാഹചര്യമെല്ലാം പരിഗണിച്ചശേഷമേ ഇ.പി.യുടെ തുടർനീക്കമുണ്ടാകുകയുള്ളൂവെന്നാണ് നേതൃത്വത്തിന്റെ നിഗമനം.



Previous Post Next Post