പി കെ ശശിയെ കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കണം: സി പി എം പാലക്കാട് ജില്ലാ കമ്മിറ്റി
പാലക്കാട് | പി കെ ശശിയെ കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന് സി പി എം പാലക്കാട് ജില്ലാ നേതൃത്വം. അച്ചടക്ക നടപടിക്ക് വിധേയനായ ശശിയെ പദവിയില്‍ നിന്ന് നീക്കണം. സി ഐ ടി യു ജില്ലാ പ്രസിഡന്റ് പദവിയില്‍ നിന്നും ഒഴിവാക്കണം.
കമ്മിറ്റിയുടെ നിര്‍ദേശം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് തുടക്കമായതിനാല്‍ ശശി ചെയര്‍മാന്‍ പദവിയില്‍ തുടരുന്നത് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് ജില്ലാ ഘടകത്തിന്റെ വിലയിരുത്തല്‍.
സഹകരണ കോളജ് നിയമനത്തിലെ ക്രമക്കേട്, പാര്‍ട്ടി ഓഫീസ് നിര്‍മിക്കാനുള്ള അനധികൃത ഫണ്ട് പിരിവ് തുടങ്ങി ശശിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇതോടെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.