സോഷ്യൽ മീഡിയയിൽ ലോൺ നൽകുന്ന പരസ്യം നൽകി ലക്ഷങ്ങൾ തട്ടിയ തമിഴ്നാട് സ്വദേശി കുന്നംകുളത്ത് പിടിയിൽ
കുന്നംകുളം: സോഷ്യൽ മീഡിയയിൽ ലോൺ നൽകുന്ന പരസ്യം നൽകി പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ തമിഴ്നാട് സ്വദേശിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുരൈ തിരുമംഗലം സ്വദേശി രവികുമാറിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പഴഞ്ഞി സ്വദേശിയായ യുവാവ് പരസ്യം കണ്ട് 50 ലക്ഷം രൂപ ലോൺ ആവശ്യപ്പെടുകയും ലോണിന്റെ നടപടിക്രമങ്ങൾക്കായി 5 ലക്ഷം രൂപ നൽകണമെന്ന് പ്രതി ആവശ്യപ്പെട്ടതോടെ പഴഞ്ഞി സ്വദേശി പണം നൽകിയിരുന്നു.
എന്നാൽ പിന്നീട് 50 ലക്ഷം രൂപ നൽകാതെ പ്രതി സോഷ്യൽ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കുന്നംകുളം പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതി ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തിയതായി പോലീസ് പറഞ്ഞു. വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർ ജോസ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഷൈജു, സിവിൽ പോലീസ് ഓഫീസർ വിജയരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ എറണാകുളത്ത് നിന്നും പിടികൂടിയത്.