സര്‍ക്കാറിന് 7.19 കോടി നഷ്ടം വരുത്തി പാലക്കാട്- കോഴിക്കോട് ദേശീയ പാത നിര്‍മാണം: കോണ്‍ട്രാക്ടറും എഞ്ചിനീയറും സഹോദരന്മാര്‍

സര്‍ക്കാറിന് 7.19 കോടി നഷ്ടം വരുത്തി പാലക്കാട്- കോഴിക്കോട് ദേശീയ പാത നിര്‍മാണം: കോണ്‍ട്രാക്ടറും എഞ്ചിനീയറും സഹോദരന്മാര്‍



കോഴിക്കോട് : സർക്കാറിന് 7.19 കോടി നഷ്ടം വരുത്തിയ പാലക്കാട്- കോഴിക്കോട് ദേശീയ പാത 966 -ലെ ( പഴയ എൻ.എച്ച്‌ -213 ) നിർമാണത്തിലെ കോണ്‍ട്രാക്ടറും എഞ്ചിനീയറും സഹോദരന്മാരെന്ന് ധനകാര്യ റിപ്പോർട്ട്.



അരിപ്ര മുതല്‍ നാട്ടുകല്‍ വരെയുള്ള 23 കിലോ മീറ്റർ റോഡിൻറെ വീതികൂട്ടി ഉപരിതലം ബലപ്പെടുത്തുന്ന നിർമാണത്തിന് കരാർ ഏറ്റെടുത്ത മഞ്ചേരിയിലെ മലബാർ ടെക് എന്ന കോണ്‍ട്രാക്‌ട് കമ്ബനിയുടെ പാർട്ട്ണറായ കെ.മുഹമ്മദ് അക്ബർ മലപ്പുറം പൊതുമരാമത്ത് (ദേശീയപാത ഡിവിഷൻ) എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ഇസ്മയിലിന്റെ ജ്യേഷ്ഠനാണെന്ന് വിജിലൻസ് അന്വേഷണത്തില്‍ കണ്ടെത്തി.


എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ഇസ്മയില്‍ സ്വന്തം സഹോദരൻ പങ്കാളിയായി ഉള്‍പ്പെട്ട കമ്ബനി ടെണ്ടർ നടപടികളില്‍ പങ്കെടുത്ത വിവരം വകുപ്പിനെ അറിയിച്ചില്ല. ടെണ്ടർ നടപടികളില്‍ മലബാർ ടെക്ക് കമ്ബനിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ഇസ്മയില്‍ വഴിവിട്ട സഹായം ചെയ്തുവെന്ന ആരോപണം സാങ്കേതികമായി നിലനില്‍ക്കില്ല. എന്നാല്‍, എക്സിക്യൂട്ടീവ് എഞ്ചിനീയർ, മുഹമ്മദ് ഇസ്മയിലിൻറെയും കരാർ കമ്ബനിയുടെയും ഭാഗത്ത് നിന്നുണ്ടായ ചില നടപടികള്‍ പരാതിയിലെ ആരോപണം ഭാഗികമായി ശരിവക്കുന്നുവെന്നാണ് റിപ്പോർട്ട്.


ഉദാഹരണമായി ബിഡുകള്‍ ഓണ്‍ലൈൻ മുഖേന സമർപ്പിക്കേണ്ട അവസാന തീയതി 2017 ഡിസംബർ നാല് ആയിരുന്നു. അതിന് തൊട്ടു മുൻപ് 2017 നവംമ്ബർ 30ന് മലബാർ ടെക് പാർട്ണർഷിപ്പ് റീകോണ്‍സ്റ്റിട്യൂട്ട് ചെയ്തു. ഇതിനായി 2015 ജൂണ്‍ 27നു വാങ്ങിയ സ്റ്റാമ്ബ് പേപ്പർ ഉപയോഗിച്ചു. ഇതെല്ലാം ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട് വെളിപ്പെടുത്തുന്നു. എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ഇസ്മയിലിൻറെ സഹോദരനായ കെ. മുഹമ്മദ് അക്‌ബർ എന്നയാള്‍ പാർട്ട്ണർഷിപ്പില്‍ നിന്നും 2018 ജനുവരി 16ന് വിടുതല്‍ ചെയ്ത കരാറിന്റെ പകർപ്പാണ് മലബാർ ടെക്ക് വിജിലൻസിന് നല്‍കിയത്.


എസ്റ്റിമേറ്റ് തുകയെക്കാള്‍ 22. 51 ശതമാനം കുറഞ്ഞ നിരക്കില്‍ ബിഡ് കരസ്ഥമാക്കിയ മലബാർ ടെക് 12 മാസം കൊണ്ട് പ്രവർത്തി പൂർത്തീകരിക്കുന്നതിനാണ് കരാർ ഒപ്പ് വെച്ചത്. എന്നാല്‍, മതിയായ മേല്‍നോട്ടം നടത്താതെ കരാറുകാരന് അനുകൂല സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്തു. അതുവഴി രണ്ട് തവണയായി 12 മാസത്തേക്ക് കൂടി പൂർത്തീകരണ സമയം ദീർഘിപ്പിച്ചു. ഈ കാലയളവില്‍ അസംസ്കൃത വസ്തുക്കളുടെ വിലയില്‍ സ്വാഭാവികമായ വർധനവുണ്ടായി, ഇക്കാരണം ചൂണ്ടിക്കാട്ടി വൻ തുകക്കുള്ള വേരിയേഷൻ എസ്റ്റിമേറ്റ് തയാറാക്കി അംഗീകാരം നേടി‌ക്കൊടുത്തു.


ഒറിജിനല്‍ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്താമായിരുന്ന 'സ്കാരിഫൈയിങ്' എന്ന ഇനം ആയതില്‍ ഉള്‍പ്പെടുത്താതെ റിവൈസ്ഡ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തി. ജി.എസ്.ബി, ഡബ്ല്യു.എം.എം എന്നിവ ഉള്‍പ്പെടെയുള്ള ഏഴ് ഇനങ്ങളില്‍ 125 ശതമാനം വർധിപ്പിച്ച്‌ പുതുക്കിയ നിരക്കിന് അർഹത നേടി. എന്നല്‍, ഈ ഇനങ്ങള്‍ റോഡ് പ്രവർത്തിയുടെ സൈറ്റില്‍ ഉപയോഗപ്പെടുത്തിയെന്ന് ഉറപ്പാക്കിയില്ല. ജി.എസ്.ബി, ഡബ്ല്യു.എം.എം എന്നിവക്ക് പകരം നിലവാരം കുറഞ്ഞ ക്വാറിവേസ്റ്റ് ആണ് ഉപയോഗിച്ചത്. ഇത് വൻതുക തട്ടിയെടുക്കാൻ കാരാറു കമ്ബനിക്ക് കളമൊരുക്കിക്കൊടുത്ത് സഹായിച്ചു.


അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ചതില്‍ എസ്റ്റിമേറ്റുമായി താരതമ്യം ചെയ്യുമ്ബോള്‍ കുറവുണ്ടായി എന്നും അത് പ്രകാരം കരാറുകാരന് നല്‍കിയ പേയ്മെൻറില്‍ കുറവ് വരുത്താൻ പൊതുമരാമത്തു ദേശിയ പാത വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയറോടും ചീഫ് എഞ്ചിനീയറോടും പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും അക്കാര്യത്തില്‍ കാലതാമസം വരുത്തി. അതുവഴി കരാറുകാരനായ മലബാർ ടെക്കിനു ഹൈകോടതിയില്‍ റിട്ട് പെറ്റീഷൻ ഫയല്‍ ചെയ്യുന്നതിനുമുള്ള അവസരം നല്‍കിയെന്ന് ചീഫ് ടെക്നിക്കല്‍ എക്സാമിനർ റിപ്പോർട്ട് ചെയ്തു.


നിർമാണാവശ്യത്തിന് ഉപയോഗിച്ച ശേഷം ബാക്കി വന്ന മണ്ണ്, പാറ എന്നിവ ലേലം ചെയ്യുന്നതിനുള്ള അനുമതിക്കായി എഗ്രീമെന്റ്റ് അതോറിറ്റിയായ പൊതുമരാമത്തു വകുപ്പ് (ദേശീയ പാത, ഉത്തര മേഖല) സൂപ്രണ്ടിങ് എഞ്ചിനീയരുടെ കാര്യാലയത്തിലേക്ക് നല്‍കിയിരുന്നില്ല. ഈ നടപടി എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. മുഹമ്മദ് ഇസ്മയിലിന്റെ ഭാഗത്തു നിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്നും റിപ്പോർട്ടില്‍ രേഖപ്പെടുത്തി.



Previous Post Next Post