പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫീസിനു മുന്നിൽ സമരം
പാവറട്ടി : പൊതുശ്മശാനനിർമാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സാമുദായിക ഐക്യവേദി പ്രവർത്തകർ പാവറട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫീസ് കവാടത്തിനു മുന്നിൽ കുത്തിയിരിപ്പുസമരം നടത്തി. ഭരണസമിതിയോഗം നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഘടനാ പ്രവർത്തകർ ഭരണസമിതിയോഗത്തിലേക്ക് പ്രതിഷേധവുമായി എത്തിയത്.
പ്രവർത്തകർ തങ്ങളുടെ പ്രശ്നം പഞ്ചായത്ത് പ്രസിഡന്റിനെ ബോധ്യപ്പെടുത്തിയെങ്കിലും ഭരണസമിതിയോഗത്തിൽക്കയറി പ്രതിഷേധിക്കാൻ അനുവദിക്കില്ലെന്ന് പ്രസിഡന്റ് അറിയിച്ചു. തുടർന്ന് പ്രവർത്തകർ പ്രസിഡന്റിന്റെ ഓഫീസ് കവാടത്തിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.ശ്മശാനനിർമാണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് മാസങ്ങൾക്കു മുൻപും ഇവർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാൽ, പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ പഞ്ചായത്ത് ഭരണസമിതിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.
ഹിന്ദു സാമുദായിക ഐക്യവേദി പ്രസിഡന്റ് വി.വി. ഹരിഹരൻ, എം.പി. കൃഷ്ണൻ, പി.കെ. വിജയൻ, കെ.വി. രാമകൃഷ്ണൻ, ശ്രീനിവാസൻ പീടിയേക്കൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി. പ്രതിഷേധത്തിനൊടുവിൽ പഞ്ചായത്ത് സെക്രട്ടറിയുമായി പ്രവർത്തകർ ചർച്ചനടത്തി. വ്യാഴാഴ്ച വിശദമായ വിവരങ്ങളും ഇതിനുവേണ്ട നടപടികൾ ഉടൻ പൂർത്തീകരിക്കുമെന്ന് ഉറപ്പും ലഭിച്ച ശേഷമാണ് സമരം അവസാനിപ്പിച്ചത്.