സര്‍ക്കാര്‍ കരാറുകളില്‍ ഊരാളുങ്കലിന് മുൻഗണന: ഹൈക്കോടതി ഉത്തരവ് സ്റ്റേചെയ്യാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി

 സര്‍ക്കാര്‍ കരാറുകളില്‍ ഊരാളുങ്കലിന് മുൻഗണന: ഹൈക്കോടതി ഉത്തരവ് സ്റ്റേചെയ്യാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി


ന്യൂഡല്‍ഹി: ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കു സർക്കാർ ടെൻഡറില്‍ സാമ്ബത്തിക മുൻഗണന നല്‍കുന്ന ഉത്തരവ് സ്റ്റേ ചെയ്യാൻ വിസ്സമ്മതിച്ച്‌ സുപ്രീംകോടതി.



സാമ്ബത്തിക മുൻഗണന ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജിയില്‍ സംസ്ഥാന സർക്കാർ ഉള്‍പ്പടെയുള്ള എതിർകക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, പങ്കജ് മിത്തല്‍ എന്നിവർ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.


ഹൈക്കോടതി വിധിക്കെതിരെ ബില്‍ഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് സുപ്രീംകോടതിയില്‍ ഹർജി ഫയല്‍ചെയ്തത്. ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കു സർക്കാർ ടെൻഡറില്‍ സാമ്ബത്തിക മുൻഗണന നല്‍കുന്നത് ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമാണെന്ന് ബില്‍ഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ഈ പ്രത്യേക പരിഗണനയെന്ന് വിശദീകരിക്കപ്പെട്ടിട്ടില്ല. എല്ലാവർക്കും തുല്യ അവസരമാണ് ലഭിക്കേണ്ടതെന്നും സംഘടനയ്ക്കുവേണ്ടി ഹാജരായവർ സുപ്രീംകോടതിയില്‍ വാദിച്ചു.


സോഷ്യലിസ്റ്റ് ചിന്താധാരയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയെ ഒരു ലേബർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയായി കണക്കാക്കാൻ പോലും കഴിയില്ല എന്നാണ് ബില്‍ഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വാദം. 10% സാമ്ബത്തിക മുൻഗണന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2022- 23 സാമ്ബത്തിക വർഷത്തില്‍ മാത്രം ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കു 280.73 കോടി രൂപയുടെ നിർമാണ കരാറുകള്‍ ലഭിച്ചെന്നും സുപ്രീംകോടതിയില്‍ ഫയല്‍ചെയ്ത ഹർജിയില്‍ ആരോപിച്ചിട്ടുണ്ട്.


ബില്‍ഡേഴ്സ് അസോസിയേഷനുവേണ്ടി സീനിയർ അഭിഭാഷകൻ ഗോപാല്‍ ശങ്കരനാരായണ്‍, അഭിഭാഷകൻ നിഷാന്ത് പാട്ടീല്‍ എന്നിവർ ഹാജരായി. കേസില്‍ തടസ്സഹർജി നല്‍കിയിരുന്ന ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കുവേണ്ടി സീനിയർ അഭിഭാഷകൻ നീരജ് കിഷൻ കൗള്‍, അഭിഭാഷകരായ എം.എഫ്. ഫിലിപ്പ്, എസ്. ശ്യാംകുമാർ എന്നിവരാണ് ഹാജരായത്.



Previous Post Next Post