നടി ആക്രമണ കേസിലെ മെമ്മറി കാര്‍ഡ് സെഷൻസ് ജഡ്ജിയുടെ റിപ്പോര്‍ട്ട് തേടി ഹൈകോടതി

നടി ആക്രമണ കേസിലെ മെമ്മറി കാര്‍ഡ് സെഷൻസ് ജഡ്ജിയുടെ റിപ്പോര്‍ട്ട് തേടി ഹൈകോടതി



കൊച്ചി: നടി ആക്രമണ കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതു സംബന്ധിച്ച്‌ പ്രിൻസിപ്പല്‍ ജില്ല ജഡ്ജി നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈകോടതി.

അന്വേഷണ റിപ്പോർട്ട് നേരത്തേ ഹൈകോടതിയുടെ പരിഗണനക്ക് വന്നെങ്കിലും സെഷൻസ് കോടതിയിലേക്ക് മടക്കി അയച്ചതിനാലാണ് വീണ്ടും ഹാജരാക്കാൻ ജസ്റ്റിസ് സി.എസ്. ഡയസ് രജിസ്ട്രിക്ക് നിർദേശം നല്‍കിയത്.

കോടതിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് നടി നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അനധികൃത പരിശോധന സംബന്ധിച്ച്‌ ശാസ്ത്രീയ അന്വേഷണം വേണമെന്ന് നടിക്കുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ഗൗരവ് അഗർവാള്‍ വാദിച്ചു. കാർഡില്‍ കേടുപാടില്ലെങ്കില്‍ ഹരജിക്കാരിയെ ബാധിക്കില്ലല്ലോയെന്ന് കോടതി ആരാഞ്ഞെങ്കിലും അനധികൃതമായി പരിശോധിച്ചിട്ടുണ്ടെങ്കില്‍ അന്വേഷണം അനിവാര്യമാണെന്നായിരുന്നു അഭിഭാഷകന്‍റെ വാദം.

മറുപടിവാദത്തിന് കേസില്‍ കക്ഷിചേർന്ന നടൻ ദിലീപ് സമയം തേടിയതിനെത്തുടർന്ന് ഹരജി വീണ്ടും ആഗസ്റ്റ് 21ലേക്ക് മാറ്റി. കോടതിയില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചിട്ടുണ്ടെന്ന് ജില്ല പ്രിന്‍സിപ്പല്‍ ജഡ്ജി ഹണി എം. വർഗീസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടർന്നാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ഹരജിക്കാരി വീണ്ടും ഹൈകോടതിയെ സമീപിച്ചത്.




Previous Post Next Post