ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിളിച്ചു വരുത്തണമെന്ന് ഹൈകോടതിയില്‍ സത്യവാങ്മൂലം
കൊച്ചി: സിനിമ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് വിളിച്ചുവരുത്തി പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ സത്യവാങ്മൂലം.
തെറ്റ് ചെയ്തവരെ സംരക്ഷിക്കാനാണ് റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെടുന്നതെന്ന് കാട്ടി തിരുവനന്തപുരം സ്വദേശിയായ മാധ്യമപ്രവർത്തകൻ അജിത് കുമാറാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
വിവരാവകാശ കമീഷൻ ജുഡീഷ്യല്‍ ഫോറമല്ല എന്നതിനാല്‍ പുറത്തുവിടരുതെന്ന് കമീഷൻ നിർദേശിച്ച ഭാഗങ്ങള്‍ അടക്കം ഹൈകോടതി വിളിച്ചുവരുത്തി പരിശോധിക്കണമെന്നാണ് ആവശ്യം. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയില്‍ സമർപ്പിച്ച ഹരജിയിലെ എതിർകക്ഷിയെന്ന നിലയിലാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോർട്ട് ചെയ്താല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. സജിമോൻ സമർപ്പിച്ച ഹരജിയില്‍ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.