സ്കൂള്‍ സമയ മാറ്റം തീരുമാനിച്ചിട്ടില്ല -മന്ത്രി ശിവൻകുട്ടി
കൊല്ലം: സ്കൂള്‍ സമയം മാറ്റാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ കലണ്ടർ പ്രകാരം 220 ദിവസം പ്രവൃത്തിദിവസമാക്കിയതിന് കോടതി വിധിപ്രകാരമാണ്.
ഇതിനെ പല വിദ്യാഭ്യാസ സംഘടനകളും ചോദ്യംചെയ്തിരുന്നു. കൊല്ലം സെന്റ് അലോഷ്യസ് ഹയർസെക്കൻഡറി സ്‌കൂളില്‍ നടന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയലുകള്‍ തീര്‍പ്പാക്കുന്ന മേഖലാതല അദാലത്തിനെത്തിയ അദ്ദേഹം വാർത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്ന കുട്ടികളെ എത്രയുംവേഗം പഠനത്തിലേക്ക് തിരികെക്കൊണ്ടുവരുകയാണ് ലക്ഷ്യം. ഇക്കാര്യത്തില്‍ സംസ്ഥാന സ്ട്രീം എന്നോ സി.ബി.എസ്.ഇ എന്നോ വ്യത്യാസമുണ്ടാകില്ല. ദുരന്തം വിദ്യാഭ്യാസ മേഖലയെ എങ്ങനെ ബാധിച്ചുവെന്നത് സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കും. വയനാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ ഇതിനുള്ള പ്രവർത്തനം ആരംഭിച്ചു.
കുട്ടികള്‍ക്ക് മാനസികാവസ്ഥ തരണം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ കൗണ്‍സലിങ് നല്‍കും. ദുരന്തത്തില്‍പെട്ട കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടിട്ടുണ്ട്. പുതിയ പാഠപുസ്തകങ്ങള്‍ എത്തിക്കാൻ പ്രിന്‍റിങ് ആരംഭിച്ചു. ഖാദർ കമ്മിറ്റിയുടെ ഒന്നാംഘട്ട റിപ്പോർട്ടിന് അംഗീകാരം നല്‍കി. ഇതിന്‍റെ പ്രഥമിക പ്രവർത്തനങ്ങള്‍ ആരംഭിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.