'നൂറ് കൊണ്ടുവരൂ, സര്‍ക്കാരുണ്ടാക്കൂ'; UP ബിജെപിയിലെ ചേരിപ്പോരിനിടെ 'മണ്‍സൂണ്‍ ഓഫര്‍' പ്രഖ്യാപിച്ച്‌ അഖിലേഷ്

'നൂറ് കൊണ്ടുവരൂ, സര്‍ക്കാരുണ്ടാക്കൂ'; UP ബിജെപിയിലെ ചേരിപ്പോരിനിടെ 'മണ്‍സൂണ്‍ ഓഫര്‍' പ്രഖ്യാപിച്ച്‌ അഖിലേഷ്
ലഖ്നൗ: ഉത്തർപ്രദേശില്‍ ബിജെപിക്കുള്ളിലെ കനത്ത ചേരിപ്പോരുകള്‍ക്കിടയില്‍ 'മണ്‍സൂണ്‍ ഓഫർ' പ്രഖ്യാപനവുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.


എക്സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'മണ്‍സൂണ്‍ ഓഫർ: നൂറ് കൊണ്ടുവരൂ, സർക്കാർ രൂപീകരിക്കൂ' എന്നാണ് ഹിന്ദിയിലുള്ള അഖിലേഷിന്റെ പോസ്റ്റ്.

നേരത്തെയും അഖിലേഷ് ബിജെപി നേതാക്കള്‍ക്ക് മുന്നില്‍ ഇത്തരം 'ഓഫർ' വെച്ചിരുന്നു. 2022-ല്‍ കേശവ് പ്രസാദ് മൗര്യയേയും ബ്രജേഷ് പതകിനേയും ലക്ഷ്യംവെച്ച്‌ 100 എംഎല്‍എമാരെ കൊണ്ടുവന്നാല്‍ മുഖ്യമന്ത്രിയാകാം എന്ന് അഖിലേഷ് പ്രസ്താവന നടത്തിയിരുന്നു. 403 അംഗ യുപി നിയമസഭയില്‍ എൻഡിഎയ്ക്ക് 283 എംഎല്‍എമാരുണ്ട്. ഇന്ത്യ മുന്നണിക്ക് 107 എംഎല്‍എമാരേ ഉള്ളൂ.

യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും തമ്മിലുള്ള ഭിന്നത ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് മറനീക്കി പുറത്തുവന്നത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തി പാർട്ടിയധ്യക്ഷൻ ജെ.പി. നഡ്ഡയെ കണ്ടത് നേതൃമാറ്റത്തെച്ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെ യോഗി ആദിത്യനാഥ് ഗവർണറേയും കണ്ടിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ബിജെപിക്ക് 80-ല്‍ 33 സീറ്റുകളില്‍മാത്രമാണ് വിജയിക്കാനായിരുന്നത്. തിരഞ്ഞെടുപ്പിന് ശേഷം യോഗിയും കേശവ് പ്രസാദ് മൗര്യയും വ്യത്യസ്ത അഭിപ്രായങ്ങള്‍ പരസ്യമായി പറഞ്ഞതോടെയാണ് ഭിന്നതസംബന്ധിച്ച അഭ്യൂഹങ്ങളുണ്ടായത്.

സർക്കാരിനേക്കാള്‍ വലുത് പാർട്ടിയാണ്. പാർട്ടിപ്രവർത്തകരുടെ വേദന തന്റെയും വേദനയാണ്. ആരും സംഘടനയേക്കാള്‍ വലുതല്ല തുടങ്ങിയ പരാമർശങ്ങളാണ് കേശവ് പ്രസാദ് മൗര്യ പാർട്ടി യോഗത്തില്‍ നടത്തിയത്.
Previous Post Next Post