ഇന്നും നാളെയും രണ്ട് ജില്ലകളില്‍ മാത്രം യെല്ലോ അലര്‍ട്ട്; കേരളത്തില്‍ കനത്ത മഴയ്ക്ക് ശമനം
തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴയ്ക്ക് ശമനം. ഇന്നും നാളെയും രണ്ട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലർട്ടുള്ളത്.
കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കണ്ണൂർ, കാസർകോട് ഒഴിക്കെയുള്ള 12 ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയാണ് ഐഎംഡി പ്രവചിച്ചിരിക്കുന്നത്. ജൂലൈ 23 മുതല്‍ 25 വരെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂ. അതേസമയം ഈ മാസം അവസാനത്തോടെ വീണ്ടും കേരളത്തില്‍, പ്രത്യേകിച്ച് വടക്കൻ കേരളത്തില്‍ മഴ സജീവമാകാൻ സാധ്യതയുണ്ട്.