എങ്ങും നീല സ്‌ക്രീനുകൾ, സുരക്ഷാ സംവിധാനം ശിക്ഷയായി

എങ്ങും നീല സ്‌ക്രീനുകൾ, സുരക്ഷാ സംവിധാനം ശിക്ഷയായി
വാഷിംഗ്ടൺ | സൈബർ സുരക്ഷ ശക്തമാക്കുകയും അപ്രതീക്ഷിത സംഭവങ്ങളെ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തമാക്കുകയുമാണ് ക്രൗഡ്‌സ്‌ട്രൈക്കിന്റെ ദൗത്യം. പക്ഷേ, ക്രൗഡ്‌സ്‌ട്രൈക്ക് നൽകിയ അപ്‌ഡേഷൻ തന്നെ വലിയൊരു സുനാമിയായി മാറിയാലോ? അതാണ് ഇന്നലെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിൻഡോസ് ഉപയോക്താക്കൾ അനുഭവിച്ചത്. സിസ്റ്റം പെട്ടെന്ന് കൺചിമ്മുകയും അൽപ്പ സമയം കഴിഞ്ഞ് കൺ തുറക്കുകയും ചെയ്യുന്നു. എങ്ങും ബ്ലൂ സ്‌ക്രീൻ. പല തവണ ഈ ഷട്ട് ഡൗൺ തുടരുന്നു. ചില വിമാനക്കമ്പനികളും ബേങ്കുകളും മാന്വലായി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു. ശ്രമം ഫലപ്രദമായില്ല.

ക്രൗഡ്സ്‌ട്രൈക്ക് അപ്ഡേറ്റാണ് പ്രശ്‌നത്തിനു കാരണമായതെന്ന് ഡെൽ ടെക്നോളജീസ് പോലുള്ള കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്. സൈബർ ആക്രമണങ്ങളിൽ നിന്ന് ബിസിനസ്സുകളെ സംരക്ഷിക്കുന്നതിന് വൈവിധ്യമാർന്ന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സൈബർ സുരക്ഷാ കമ്പനിയാണ് ക്രൗഡ്സ്‌ട്രൈക്ക്. ഫാൽകൺ എന്ന ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോം ക്രൗഡ്സ്‌ട്രൈക്ക് നൽകുന്നു. സൈബർ ആക്രമണങ്ങൾ അന്വേഷിക്കാനും അതിൽ നിന്ന് കരകയറാനും സഹായിക്കുന്നു. പ്രമാദമായ സൈബർ ആക്രമണങ്ങളുടെ കുരുക്കഴിക്കാൻ ക്രൗഡ്സ്‌ട്രൈക്ക് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഇന്നലെയുണ്ടായ പ്രതിസന്ധി ഈ സംവിധാനത്തിന്റെ ഫലപ്രാപ്തിയിൽ മാത്രമല്ല, സോഫ്റ്റ് വെയർ രംഗത്ത് ഒരു ബ്രാൻഡിനെ മാത്രം ആശ്രയിക്കുന്നതിനെ കുറിച്ചും ചോദ്യങ്ങളുയർത്തുന്നു.
Previous Post Next Post