ഷാര്‍ജ കമ്മ്യൂണിക്കേഷന്‍ ടെക്നോളജീസ് ഫ്രീ സോണ്‍ സ്ഥാപിച്ചു

ഷാര്‍ജ കമ്മ്യൂണിക്കേഷന്‍ ടെക്നോളജീസ് ഫ്രീ സോണ്‍ സ്ഥാപിച്ചു
ഷാര്‍ജ|കല്‍ബ നഗരത്തില്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജീസ് ഫ്രീ സോണ്‍ (കോംടെക്) സ്ഥാപിക്കുന്നതിന് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവ് പുറപ്പെടുവിച്ചു. ഷാര്‍ജ കമ്മ്യൂണിക്കേഷന്‍ ടെക്നോളജീസ് അതോറിറ്റിയുടെ കുടക്കീഴിലായിരിക്കും കോംടെക്.

ഫ്രീ സോണിലെ കമ്പനികള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍, ജീവനക്കാര്‍ എന്നിവരെ 50 വര്‍ഷത്തേക്ക് സോണിനുള്ളിലെ അവരുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് നികുതികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉപഭോഗ തീരുവ ഒഴികെയുള്ള എല്ലാ പ്രാദേശിക നികുതികളില്‍ നിന്നും ഫീസില്‍ നിന്നും ഫ്രീ സോണിനെ ഒഴിവാക്കിയിരിക്കുന്നു.

ടെലികമ്മ്യൂണിക്കേഷന്‍ മേഖല, ഭാവി സാങ്കേതികവിദ്യ, ആശയവിനിമയ സാങ്കേതികവിദ്യകള്‍, എല്ലാത്തരം ഡാറ്റാ സെന്ററുകള്‍ എന്നിവയും ആകര്‍ഷിക്കുന്ന ഒരു ആഗോള ഹബ്ബായി ഷാര്‍ജയുടെ സ്ഥാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്രീ സോണ്‍ പ്രവര്‍ത്തിക്കുക.
സാങ്കേതിക പരിവര്‍ത്തനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഭാവി സാങ്കേതികവിദ്യകള്‍ എന്നിവയില്‍ നിക്ഷേപിക്കുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അന്താരാഷ്ട്ര പ്രൊഫഷണലുകളെ ആകര്‍ഷിക്കുന്നതിനും മറൈന്‍, ലാന്‍ഡ് കേബിള്‍ എക്സ്റ്റന്‍ഷനുകളില്‍ ഏര്‍പ്പെടാന്‍ താത്പര്യമുള്ള കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കാനും ഇതിന് അധികാരമുണ്ടാവും.
Previous Post Next Post