നിരന്തരം ഭീകരാക്രമണങ്ങള്‍; ജമ്മുവില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതായി റിപ്പോര്‍ട്ട്
ശ്രീനഗർ: ജമ്മുവിലെ ഭീകരാക്രമണങ്ങളുടെ എണ്ണം വർധിച്ചതോടെ മേഖലയില്‍ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഇതിനായി 3,500 സൈനികരെയും 500 പാരാ കമാൻഡോകളെയും അധികമായി വിന്യസിച്ചതായാണ് റിപ്പോർട്ട്. നിബിഡ വനങ്ങളില്‍ നിന്നടക്കം ഭീകരരെ തുരത്തുകയാണ് ലക്ഷ്യം.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, ജമ്മു മേഖലയിലെ രജൗരി, പൂഞ്ച്, റിയാസി, ദോഡ, കത്വ ജില്ലകളില്‍ സൈന്യത്തിനും പ്രദേശവാസികള്‍ക്കും നേരെ വലിയ രീതിയിലെ ആക്രമണങ്ങളാണ് ഉണ്ടായത്. ഭീകരർ വളരെ പരിശീലനം നേടിയവരാണെന്നും അത്യാധുനിക ആയുധങ്ങള്‍ കൈവശമുണ്ടെന്നുമാണ് ഇന്‍റലിജൻസ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. കാട്ടിലെ ഗുഹകള്‍ ഒളിത്താവളമാക്കിയ ഭീകരരെ നേരിടാൻ 3500 മുതല്‍ 4000 വരെ അധിക സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും നിരവധി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും 37 ദ്രുത പ്രതികരണ സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ടെന്നുമാണ് വിവരം.