സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം

സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം


കൊച്ചി: ഒരാഴ്ചയായി സംസ്ഥാനത്ത് ശക്തമായ പെയ്യുന്ന മഴയ്ക്ക് ശനിയാഴ്ച നേരിയ ശമനം. വടക്കൻ ജില്ലകളിലായിരുന്നു മഴ കൂടുതല്‍ ശക്തം.


വയനാട്,കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ വെള്ളിയാഴ്ച വരെ മഴശക്തമായിരുന്നെങ്കില്‍ ശനിയാഴ്ച മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമാണ് മഴ പെയ്തത്. ശക്തമായ മഴയില്‍ വയനാടിന്റെ പലഭാഗങ്ങളും വെള്ളത്തിനിടയിലായി.

കബനിയുള്‍പ്പടെയുള്ള ജില്ലയിലെ പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ദേശീയ പാത 766ല്‍ പൊൻകുഴിക്കും മുത്തങ്ങക്കുമിടയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

കണ്ണൂരില്‍ ഇരിട്ടി പാറയ്ക്കാമലയില്‍ മണ്ണിടിച്ചിലുണ്ടായി. ജില്ലയുടെ മലയോര മേഖലകളായ ഇരിട്ടി,കൊട്ടിയൂർ, കേളകം, കരിക്കോട്ടക്കരി എന്നിവടങ്ങളില്‍ മഴക്കെടുതി രൂക്ഷമാണ്. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളായ തൊട്ടില്‍പ്പാലം, താമരശേരി, തിരുവമ്ബാടി,കൊടിയത്തൂർ എന്നിവടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ നിരവധി നാശനഷ്ടമുണ്ടായി.

അതേ സമയം, കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത് ലഭിച്ചത് 110 ശതമാനം അധികമഴയാണെന്ന് കാലാവസ്ഥ നിരീക്ഷകർ പറഞ്ഞു. ജില്ലാടിസ്ഥാനത്തില്‍ കണ്ണൂരിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. 208.6 ശതമാനം മഴലഭിക്കേണ്ട സ്ഥാനത്ത് കണ്ണൂരില്‍ 565.6 ശതമാനം മഴലഭിച്ചു. 171 ശതമാനം അധികമഴയാണ് കണ്ണൂരില്‍ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത്, പൊതുവേ വടക്കൻ ജില്ലകളില്‍ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.വടക്കൻ കേരള തീരം മുതല്‍ തെക്കൻ ഗുജറാത്ത് തീരം വരെ നിലവില്‍ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. അതോടൊപ്പം വടക്കു-പടിഞ്ഞാറൻ കേരള തീരത്ത് ശക്തമായ കാറ്റ് തുടരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ പറഞ്ഞു.
Previous Post Next Post