വിത്തുപാകാൻ ഡ്രോണുകള്‍; കണ്ടല്‍ക്കാടുകള്‍ തഴച്ചുവളരും, പരിസ്ഥിതി സംരക്ഷണത്തില്‍ പുതിയൊരു കാല്‍വെപ്പ്

വിത്തുപാകാൻ ഡ്രോണുകള്‍; കണ്ടല്‍ക്കാടുകള്‍ തഴച്ചുവളരും, പരിസ്ഥിതി സംരക്ഷണത്തില്‍ പുതിയൊരു കാല്‍വെപ്പ്

അബൂദബിയിലുടനീളം കണ്ടല്‍ക്കാടുകള്‍ വളർത്തുന്നതിനുള്ള ദൗത്യത്തില്‍ ഉപയോഗിക്കുന്നത് തടികളും പുനരുപയോഗ വസ്തുക്കളും ഉപയോഗിച്ചു വികസിപ്പിച്ച ഡ്രോണുകള്‍.


യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാങ്കേതികവിദ്യാ സ്ഥാപനമായ ഡിസ്റ്റന്റ് ഇമേജറിയാണ് ഇതുപയോഗപ്പെടുത്തുന്നത്. ഡ്രോണുകള്‍ പറത്തി കണ്ടല്‍മരങ്ങളുടെ വിത്തുകള്‍ വിതറുകയാണ് ചെയ്തുവരുന്നത്.

അബൂദബി പരിസ്ഥിതി ഏജൻസിയുടെ പിന്തുണയോടെ അഡ്നോക്, എൻജീ, മുബാദല എനർജി എന്നിവയുടെ സഹകരണത്തോടെ ഇൻസ്റ്റന്റ് ഇമേജറി കഴിഞ്ഞ വർഷങ്ങളിലായി കണ്ടല്‍ക്കാട് വ്യാപനം നടത്തിവരികയാണ്. തങ്ങള്‍ തന്നെയാണ് ഡ്രോണുകളുടെ രൂപകല്‍പനയും നിർമാണവുമെന്നും സുസ്ഥിരതാ കാരണങ്ങള്‍ കൊണ്ടാണ് ഇവ തടികള്‍ കൊണ്ട് നിർമിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

2,000 വിത്തുകള്‍ പാകിയാണ് പ്രവർത്തനം തുടങ്ങിയത്. 2023ഓടെ പാകിയ കണ്ടല്‍വിത്തുകളുടെ എണ്ണം 35 ലക്ഷമായി ഉയർന്നു. കുറഞ്ഞ പാരിസ്ഥിതിക പ്രത്യാഘാതം മാത്രമുള്ള ഡ്രോണുകള്‍ ഉപയോഗിച്ച്‌ വൻതോതില്‍ വിത്തുകള്‍ പാകാൻ കഴിയും. മിർഫ തീരം, അല്‍ നൂഫ്, റുവൈസ്, മിർഫ, അല്‍ ഹമീം തുടങ്ങിയ ഇടങ്ങളിലാണ് അബൂദബിയില്‍ ഡിസ്റ്റന്റ് ഇമേജറി കണ്ടല്‍ വിത്തുകള്‍ പാകിവരുന്നത്.

മരങ്ങളില്‍ നിന്ന് വിത്തുകള്‍ ശേഖരിച്ച ശേഷം ഇവ ഡ്രോണിന്റെ ടാങ്കില്‍ ശേഖരിക്കുകയും മണിക്കൂറില്‍ 80 കിലോമീറ്റർ വരെ വേഗതയില്‍ പറക്കുന്നതിനിടെ വിത്തുകള്‍ ഓരോന്നായി ആകാശത്ത് നിന്ന് താഴേക്കിടുകയും ചെയ്യുന്നതാണ് രീതി. അതിവേഗം താഴേക്കു വീഴുന്ന വിത്തുകള്‍ മണ്ണില്‍ തറയുകയും ഇവിടെ കിടന്ന് വളരുകയും ചെയ്യുന്നതോടെ കണ്ടല്‍ക്കാട് വ്യാപന ലക്ഷ്യം പൂർത്തിയാവുകയും ചെയ്യുന്നു. നിലവില്‍ ആറു ഡ്രോണുകളാണ് പദ്ധതിയുടെ ഭാഗമായി പറത്തുന്നത്.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 2020 മുതല്‍ 4.40 കോടിയില്‍ അധികം കണ്ടല്‍മരങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. നഗര-വികസന വകുപ്പ്, അഡ്നോക് എന്നിവയുമായി സഹകരിച്ച്‌ അബൂദബി പരിസ്ഥിതി ഏജൻസി രണ്ടുവർഷം കൊണ്ട് 2.3 കോടി കണ്ടല്‍മരങ്ങളാണ് വച്ചുപിടിപ്പിച്ചത്. 2030ഓടെ 10 കോടി കണ്ടല്‍മരങ്ങള്‍ വച്ചുപിടിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് അബൂദബി കണ്ടല്‍ക്കാട് പദ്ധതിയുടെ ഭാഗമായി 9,200 ഹെക്ടർ ഭൂമിയില്‍ രണ്ടു വർഷം കൊണ്ട് പരിസ്ഥിതി ഏജൻസിയും ഇത്രയും കണ്ടല്‍മരങ്ങള്‍ െവച്ചുപിടിപ്പിച്ചത്.

കണ്ടല്‍ക്കാടുകളുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള പ്രക്രിയയുടെ വ്യാപ്തി വിപുലീകരിക്കാനും വേഗത്തിലാക്കാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതില്‍ അവയുടെ സുപ്രധാനവും ഫലപ്രദവുമായ പങ്ക് വർധിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് സർക്കാരിന്റെ പദ്ധതി. കണ്ടല്‍മരങ്ങള്‍ പ്രതിവർഷം 2,33,000 ടണ്‍ കാർബണ്‍ സംഭരിക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്. 25,000ത്തിലധികം വീടുകളിലെ ഊർജ ഉപഭോഗത്തിനു തുല്യമാണിത്.
Previous Post Next Post