തമിഴ്‌നാട് സര്‍ക്കാരിലെ എല്ലാ മന്ത്രിമാരും ഉപമുഖ്യമന്ത്രിമാരാണ് -ഉദയനിധി സ്റ്റാലിൻ
ചെന്നൈ: ഡി.എം.കെയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാരിലെ എല്ലാ മന്ത്രിമാരും ഉപമുഖ്യമന്ത്രിമാരാണെന്ന് പാർട്ടി നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ.
പിതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാരില്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കപ്പെടുമെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് ഉദയനിധിയുടെ പ്രസ്താവന.
'ഉപമുഖ്യമന്ത്രി സ്ഥാനക്കയറ്റത്തെക്കുറിച്ച് നിരവധി വാർത്തകള്‍ വരുന്നുണ്ട്. ഞങ്ങളുടെ ഗവണ്‍മെൻ്റിലെ എല്ലാ മന്ത്രിമാരും ഉപമുഖ്യമന്ത്രിമാരാണ്' -ഉദയനിധി മാധ്യമങ്ങളോട് പറഞ്ഞു. 2022 ഡിസംബറില്‍ മന്ത്രിസഭയില്‍ അംഗമായ ഉദയനിധി, യുവജന വിഭാഗം സെക്രട്ടറി പദവി എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ചും സംസാരിച്ചു. 'എൻ്റെ അഭിപ്രായത്തില്‍ യുവജന വിഭാഗം സെക്രട്ടറിയാണ് എനിക്ക് പ്രിയപ്പെട്ടത്. 2026ല്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിലെത്തും' -അദ്ദേഹം അഭിപ്രായപ്പെട്ടു.
2026ലെ തെരഞ്ഞെടുപ്പാണ് ഞങ്ങളുടെ ലക്ഷ്യം. മുൻ തെരഞ്ഞെടുപ്പിലെ പോലെ നമ്മള്‍ പ്രവർത്തിക്കുകയും വിജയം നേടുകയും വേണം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വീണ്ടും ചുമതലയേല്‍ക്കും. 2026ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അനുഭാവികളോടും അനുയായികളോടും സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ സജീവമാകാനും ഉദയനിധി ആഹ്വാനം ചെയ്തു.