കേരളത്തില്‍ മദ്യപാനവും പുകവലിയും കുറഞ്ഞതായി കണക്കുകള്‍
തിരുവനന്തപുരം: മലയാളികള്‍ വൻ മദ്യപാനികളാണെന്നാണ് ഇതര സംസ്ഥാനക്കാർ പൊതുവെ കുറ്റപ്പെടുത്താറ്. ഏത് ആഘോഷത്തിനും കോടിക്കണക്കിന് രൂപയും റെക്കോഡ് മദ്യവില്‍പനയും പുറത്തുവരാറുണ്ട്.
എന്നാല്‍, ഏതാനും വർഷങ്ങളായി മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മദ്യപാനത്തിനും പുകവലിക്കും മലയാളികള്‍ പണം ചെലവഴിക്കുന്നത് കുത്തനെ കുറഞ്ഞതായാണ് പുതിയ റിപ്പോർട്ട്.
കേരളത്തിലെ ഗ്രാമീണ മേഖലയിലുള്ളവർ ആകെ വീട്ടു ചെലവിന്‍റെ 1.88 % മദ്യത്തിനും പുകയിലക്കുമായി ചെലവഴിക്കുന്നു, നഗരപ്രദേശങ്ങളിലുള്ളവർ 1.37 % ആണ് ചെലവഴിക്കുന്നത്. ദേശീയ ശരാശരി ഇത് യഥാക്രമം 3.70% വും, 2.41% വുമാണ്. അതായത് രാജ്യത്ത് മദ്യാപനം, പുകവലി എന്നീ ലഹരിവസ്തുക്കള്‍ക്കായി ഏറ്റവും കുറവ് പണം ചെലവഴിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം!
സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും കണക്കെടുത്താല്‍ ഗ്രാമീണ മേഖലയില്‍ ഏറ്റവും പണം ചെലിവിടുന്നത് ആൻഡമാൻ നിക്കോബാറിലും (9.08 %), നഗര മേഖലയില്‍ അരുണാചല്‍ പ്രദേശിലും (6.51 %) ആണ്.
ഏറ്റവും കുറവാകട്ടെ, ഗ്രാമീണമേഖലയില്‍ ഗോവയിലും (1.52 %), നഗര മേഖലയില്‍ മഹാരാഷ്ട്രയിലും (1.14 %) ആണ്.
ഇന്ത്യൻ എക്സ്പ്രസ് സർവേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. നേരത്തെ, 2011-12ല്‍ നടത്തിയ സർവേയില്‍ ലഹരി പദാർത്ഥങ്ങള്‍ക്കായുള്ള കേരളീയരുടെ ചെലവ് ഗ്രാമപ്രദേശങ്ങളില്‍ 2.68% വും നഗരപ്രദേശങ്ങളില്‍ 1.87% വുമായിരുന്നു. രണ്ട് മേഖലകളിലും ഇത് കുറഞ്ഞതായാണ് സർവേ തെളിയിക്കുന്നത്.
ഭക്ഷ്യവസ്തുക്കള്‍ക്ക് പണം ചെലവാക്കുന്ന കാര്യത്തിലും കുറവ് വന്നെന്നതാണ് മറ്റൊരു വസ്തുത. ആകെ കുടുംബ ബജറ്റില്‍ ഭക്ഷ്യവസ്തുക്കള്‍ക്കുള്ള വിഹിതമാണ് കുറച്ചിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ 2012ല്‍ 42.99% ആയിരുന്നത് ഇപ്പോള്‍ 39.10% ആണ്. നഗരപ്രദേശങ്ങളില്‍ 36.97% ഭക്ഷണത്തിന് ചെലവാക്കിയിരുന്നത് ഇപ്പോള്‍ 36.01% ആയും കുറഞ്ഞിരിക്കുന്നു.