മുംബൈയെ അദാനി സിറ്റിയാക്കി മാറ്റാന്‍ അനുവദിക്കില്ല: ധാരാവി ചേരി പുനര്‍വികസന പദ്ധതിക്കെതിരെ ആഞ്ഞടിച്ച് ഉദ്ധവ് താക്കറെ

മുംബൈയെ അദാനി സിറ്റിയാക്കി മാറ്റാന്‍ അനുവദിക്കില്ല: ധാരാവി ചേരി പുനര്‍വികസന പദ്ധതിക്കെതിരെ ആഞ്ഞടിച്ച് ഉദ്ധവ് താക്കറെ
മുംബൈ | മഹാരാഷ്ട്രയില്‍ ഗൗതം അദാനിയുടെ കമ്പനിക്ക് ടെന്‍ഡര്‍ നല്‍കി നടപ്പിലാക്കുന്ന ധാരാവി ചേരി പുനര്‍വികസന പദ്ധതിക്കെതിരെ ആഞ്ഞടിച്ച് ശിവസേന (യു ബി ടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. മുംബൈയെ അദാനി സിറ്റിയാക്കി മാറ്റാനോ ധാരാവി നിവാസികളെയും കച്ചവട സ്ഥാപനങ്ങളെയും പിഴുതുമാറ്റാനോ അനുവദിക്കില്ലെന്നും താക്കറെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. എന്തുകൊണ്ടാണ് പദ്ധതി ഉപേക്ഷിക്കാത്തതെന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഉടന്‍ മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ അദാനിയുടെ കമ്പനിക്ക് നല്‍കിയ ടെന്‍ഡര്‍ റദ്ദാക്കും. ധാരാവിയിലെ നിവാസികള്‍ക്ക് ആ പ്രദേശത്ത് തന്നെ 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടെങ്കിലും നല്‍കണം.

ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശമാണ് ധാരാവി. പ്രദേശം പുനര്‍വികസിപ്പിക്കാന്‍ നല്‍കിയ കരാറില്‍ പല ഇളവുകളും അദാനിക്ക് നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കില്ല. ധാരാവിയില്‍ താമസിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനുതകുന്ന നടപടികളാണ് സ്വീകരിക്കുക. അതിനുതകുന്നതല്ലെന്നു കണ്ടാല്‍ പുതിയ ടെന്‍ഡര്‍ നല്‍കും.

ധാരാവിയിലെ ഓരോ വീടിനും നമ്പര്‍ നല്‍കുകയാണ് അധികൃതര്‍. നിവാസികളെ യോഗ്യതയുടെയും അയോഗ്യതയുടെയും കെണിയില്‍ അകപ്പെടുത്താനും തുടര്‍ന്ന് അവരെ ആട്ടിയോടിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ധാരാവിക്കാരെ മറ്റു സ്ഥലങ്ങളില്‍ പുനരധിവസിപ്പിക്കാനായി സര്‍ക്കാര്‍ ഭൂമി വാങ്ങിക്കൂട്ടുന്നുണ്ട്. ഇത്തരത്തില്‍ 20 സ്ഥലങ്ങള്‍ സര്‍ക്കാര്‍ വാങ്ങിയിട്ടുണ്ട്. മാറ്റിത്താമസിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. ഇത് നഗരത്തില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ ഇടവരുത്തുമെന്നും താക്കറെ ആരോപിച്ചു.
Previous Post Next Post