സജിമോനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതും അനുബന്ധ വിവാദങ്ങളും; അന്വേഷണ കമ്മീഷനെ നിയോഗിച്ച് സി പി എം
പത്തനംതിട്ട | പീഡനക്കേസില്‍ പ്രതിയായ സി സി സജിമോനെ തിരിച്ചെടുത്തതും അനുബന്ധ പ്രശ്‌നങ്ങളും അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം. മൂന്നംഗ കമ്മീഷനാണ് അന്വേഷണം നടത്തുക. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് കമ്മീഷനെ നിയോഗിച്ചത്.
സജിമോനും പാര്‍ട്ടി ഏരിയാ സെക്രട്ടറിയും ചേര്‍ന്ന് തിരുവല്ലയിലെ ഒരു പുരോഹിതന്‍ മുഖാന്തിരം സി പി എം നേതാവ് ഇ പി ജയരാജനെ കൊണ്ട് പാര്‍ട്ടി നടപടി റദ്ദാക്കിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ച്ചയായി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സജിമോനെ ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് പാര്‍ട്ടി പുറത്താക്കിയിരുന്നത്.
എന്നാല്‍, പിന്നീട് തിരുവല്ലയിലെ ഔദ്യോഗിക വിഭാഗത്തിന്റെ പിന്തുണയോടെ കണ്‍ട്രോള്‍ കമ്മീഷന്‍ വഴി നടപടി റദ്ദാക്കുകയും സജിമോനെ ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയില്‍ തിരിച്ചെടുക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകനും അതിജീവിതയുടെ സഹോദരനുമായ വ്യക്തി പരാതി നല്‍കി. അതേസമയം, തനിക്കൊരു പരാതിയുമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയോട് അതിജീവിത തന്നെ പറഞ്ഞതായാണ് ഔദ്യോഗിക വിഭാഗത്തിന്റെ അവകാശവാദം.