ശൈഖ് ഹംദാനും പുതിയ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു
അബൂദബി| പുതുതായി നിയമിതരായ മന്ത്രിമാര്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെയും വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉള്‍പ്പെടുന്നു. ഖസര്‍ അല്‍ വതനില്‍ നടന്ന ചടങ്ങില്‍ കായിക മന്ത്രി അഹ്്മദ് ബില്‍ഹൂല്‍ അല്‍ ഫലാസി, വിദ്യാഭ്യാസ മന്ത്രി സാറാ ബിന്‍ത് യൂസുഫ് അല്‍ അമീരി, ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രിയും ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ ആക്ടിംഗ് മന്ത്രിയുമായ അബ്ദുര്‍റഹ്്മാന്‍ ബിന്‍ അബ്ദുല്‍ മന്നാന്‍ അല്‍ അവാര്‍, സംരംഭകത്വ സഹമന്ത്രി ഡോ. ആലിയ ബിന്‍ത് അബ്ദുല്ല അല്‍ മസ്‌റൂഇ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
ദേശീയ കടമ നിറവേറ്റുന്നതില്‍ പുതുതായി നിയമിതരായ മന്ത്രിമാര്‍ വിജയിക്കട്ടെയെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആശംസിച്ചു. യു എ ഇയുടെ വികസനത്തെ ഗുണപരമായി സ്വാധീനിക്കുകയും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന ദേശീയ പദ്ധതികള്‍ക്ക് മൂര്‍ത്തമായ സംഭാവനകള്‍ നല്‍കാനും കഴിയണം. നിലവിലെയും ഭാവിയിലെയും തലമുറകളുടെ താത്പര്യങ്ങള്‍ സേവിക്കുന്നതിന്, ആഗോളതലത്തില്‍ മികച്ച സമ്പ്രദായങ്ങള്‍ക്കൊപ്പം, പ്രത്യേകിച്ച് വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ നാം ചുവടുവെക്കണം. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങില്‍ നിരവധി പ്രമുഖരും ശൈഖുമാരും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
ഫെഡറല്‍ സുപ്രീം കോടതിയിലെ പുതിയ ജഡ്ജിമാര്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. അഹ്്മദ് റാശിദ് ഹസ്സന്‍ സല്‍മാന്‍ അല്‍ അലി, ജലാല്‍ മുഹമ്മദ് ഇസാത്ത് മുഹമ്മദ് ഹിജാസി, അക്രം സയ്യിദ് ബക്രി മഹ്മൂദ്, ഖാലിദ് മുസ്തഫ ഹസന്‍ അഹമ്മദ്, ഇസ്്‌ലാം അബ്ദുല്‍ ഹാദി അലയന്‍ സലാമ ദീബ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.