കര്‍ണ്ണാടക കളക്ടര്‍ വിവരം തേടി; തൃശൂരിലെ മെഷീൻ ഓപ്പറേറ്റര്‍മാര്‍ ഷിരൂരിലേക്ക്; നദിയില്‍ ഉറപ്പിക്കാനാവുമോയെന്ന് പരിശോധന

കര്‍ണ്ണാടക കളക്ടര്‍ വിവരം തേടി; തൃശൂരിലെ മെഷീൻ ഓപ്പറേറ്റര്‍മാര്‍ ഷിരൂരിലേക്ക്; നദിയില്‍ ഉറപ്പിക്കാനാവുമോയെന്ന് പരിശോധന


തൃശൂർ: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കണ്ടെത്തുന്ന ദൗത്യത്തില്‍ പങ്കെടുക്കാനായി തൃശൂരിലെ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ ഓപ്പറേറ്റർമാർ ഷിരൂരിലേക്ക്.


കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ബാർജ് നദിയില്‍ ഉറപ്പിച്ച്‌ നിർത്താനാവുമോ എന്ന് പരിശോധിക്കാനാണ് ഓപ്പറേറ്റർമാർ പോകുന്നത്. ഹിറ്റാച്ചി ബോട്ടില്‍ കെട്ടി നിർമ്മിച്ചതാണ് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ. കോള്‍പ്പടവുകളില്‍ ചണ്ടിയും ചെളിയും വാരാനാണിത് ഉപയോഗിക്കുന്നത്. കൃഷി വകുപ്പ് വാങ്ങി നല്‍കിയ ഈ മെഷീൻ ഇപ്പോള്‍ കാർഷിക സർവ്വകലാശാലയുടെ കൈയ്യിലാണുള്ളത്. 18 മുതല്‍ 24 അടി വരെ താഴ്ചയുള്ളിടത്ത് ആങ്കർ ചെയ്യാൻ പറ്റുമെന്നതാണ് യന്ത്രത്തിന്റെ പ്രത്യേകത.

അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീനെ കുറിച്ച്‌ കർണ്ണാടക കളക്ടർ തൃശൂർ കളക്ടറോട് വിവരം തേടിയിരുന്നു. കുത്തൊഴുക്കുള്ള പുഴയില്‍ യന്ത്രം പ്രവർത്തിപ്പിക്കാനാവുമോ എന്നാണ് പരിശോധിക്കുന്നത്. അതിനായാണ് ഓപ്പറേറ്റർമാർ ഷിരൂരിലേക്ക് പോകുന്നത്. അതിനിടെ, അർജനായുള്ള തെരച്ചില്‍ നിർത്തരുതെന്ന് അർജുൻ്റെ കുടുംബം ആവശ്യപ്പെട്ടു. ഒരു കാരണവശാലും തെരച്ചില്‍ നിർത്തരുതെന്ന് അർജുന്റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്‌ തെരച്ചില്‍ തുടരണം. പെട്ടെന്ന് തെരച്ചില്‍ നിർത്തുക എന്നത് ഉള്‍ക്കൊള്ളാൻ പറ്റുന്നില്ല. സംസ്ഥാന സർക്കാരും കർണാടക സർക്കാരും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.

അർജുനെ മാത്രമല്ല, ബാക്കി രണ്ട് പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. അവർക്കായി തെരച്ചില്‍ തുടരണം. അവർ ഇപ്പോള്‍ പിൻ പിൻവാങ്ങിയതില്‍ ഒരു അനിശ്ചിതത്വം ഉണ്ട്. എത്ര കാലത്തേക്ക് എന്നറിയില്ല. കാലവസ്ഥ കൊണ്ടുള്ള പ്രശ്നങ്ങള്‍ മറികടക്കാനുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ തെരച്ചില്‍ തുടരണം. മുൻപ് ലോറി കണ്ടെത്തിയിരുന്നു എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച്‌ ആരും പറയുന്നില്ല. അതില്‍ വിഷമം ഉണ്ടെന്നും സഹോദരി പറഞ്ഞു. എല്ലാവരുടേയും പിന്തുണയും സാന്നിധ്യവും ഉണ്ടായിരുന്നത് ഇനിയും വേണമെന്നും അർജുൻ്റെ കുടുംബം പറഞ്ഞു. 13 ദിവസമായിട്ടും അർജുൻ എവിടെയാണെന്ന് അമ്മ ചോദിക്കുകയാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും സഹോദരി കൂട്ടിച്ചേർത്തു.


Previous Post Next Post