ഗുരുവായൂര്‍ ദേവസ്വം: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ഗുരുവായൂര്‍ ദേവസ്വം: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: ഗുരുവായൂർ ദേവസ്വത്തില്‍ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.


നിലവിലുള്ള ഒഴിവുകളിലേക്ക് നിയമന നടപടികളുമായി മുന്നോട്ടുപോകാൻ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് സുപ്രീം കോടതി അനുമതി നല്‍കി.

നിയമന നടപടികളില്‍ നിലവിലുള്ള താത്കാലിക ജീവനക്കാർക്ക് പങ്കെടുക്കാൻ കോടതി അനുമതി നല്‍കി. ദീർഘകാലമായി ബോർഡില്‍ താത്കാലിക ജീവനക്കാരായി ജോലിചെയ്യുന്നവർക്ക് അപേക്ഷ നല്‍കുന്നതിന് ഉയർന്ന പ്രായപരിധിയില്‍ ഇളവ് നല്‍കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഇതിനുപുറമെ അവരുടെ പ്രവൃത്തിപരിചയവും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് കണക്കിലെടുക്കണമെന്നും ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരിയും രാജേഷ് ബിൻഡാലും അടങ്ങിയ ബെഞ്ച് നിർദേശിച്ചു.

തങ്ങളെ സ്ഥിരപ്പെടുത്താൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് 242 താത്കാലിക ജീവനക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഗുരുവായൂർ ദേവസ്വം ബോർഡിനുവേണ്ടി സീനിയർ അഭിഭാഷകൻ ദാമ ശേഷാദ്രി നായിഡുവും അഭിഭാഷകൻ എം.എല്‍. ജിഷ്ണുവും ഹാജരായി.

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനുവേണ്ടി അഭിഭാഷകൻ ജി. പ്രകാശ് ആണ് ഹാജരായത്. താത്കാലിക ജീവനക്കാർക്കുവേണ്ടി സീനിയർ അഭിഭാഷകൻ ആർ. ബസന്ത്, വി.ഗിരി, വി. ചിദംബരേഷ്, എസ്.പി ചാലി, തോമസ് പി. ജോസഫ്, രാകേന്ദ് ബസന്ത്, കൈലാസ് നാഥ പിള്ള, ജയന്ത് മുത്തുരാജ്, അഭിഭാഷകൻ റോയ് എബ്രഹാം എന്നിവർ ഹാജരായി.
Previous Post Next Post