ചെങ്കോട്ട-പുനലൂര്‍ പാതയില്‍ വൈദ്യുതി എൻജിനില്‍ ട്രെയിൻ ഓടിത്തുടങ്ങി
പുനലൂർ: വൈദ്യുതീകരണം പൂർത്തിയാക്കിയ ചെങ്കോട്ട-പുനലൂർ മലയോര ലൈനില്‍ (ഘാട്ട് സെക്ഷൻ) വൈദ്യുതി എൻജിനില്‍ ട്രെയിൻ ഓടിത്തുടങ്ങി.
ഇതോടെ പുനലൂർ, ചെങ്കോട്ട വഴിയുള്ള കൊല്ലം-ചെന്നൈ ലൈൻപൂർണമായി വൈദ്യുതീകരണത്തിലായി. പുനലൂർ-ചെങ്കോട്ട ലൈനിലെ എല്ലാ ട്രെയിനുകളും വൈദ്യുതി എൻജിനില്‍ ഓടിക്കാൻ റെയില്‍വേ തീരുമാനം ആയിട്ടുണ്ട്.
ശനിയാഴ്ച രാത്രി 11.30ന് തിരുനെല്‍വേലിയില്‍നിന്ന് പാലക്കാട്ടേക്കുള്ള പാലരുവി എക്സ്പ്രസ് (ട്രെയിൻ നമ്ബർ 16791) ആണ് ഈ റൂട്ടില്‍ വൈദ്യുതി എൻജിനില്‍ ആദ്യമായി ഓടിയ ട്രെയിൻ ഞായറാഴ്ച ഉച്ചക്ക് കൊല്ലത്തുനിന്ന് എഗ്മൂറിലേക്കുള്ള എക്സ്പ്രസും (ട്രെയിൻ നമ്ബർ 16102) വൈദ്യുതി എർജിനില്‍ ഓടും. മധുര- ഗുരുവായൂർ എക്സ്പ്രസും ഞായറാഴ്ച മുതല്‍ വൈദ്യുതി എൻജിനിലേക്ക് മാറും.
ഇതോടുകൂടി കൊല്ലം-ചെന്നൈ ലൈൻ പൂർണമായി വൈദ്യുതീകരണമായി. ഇതുവഴി കൂടുതല്‍ ട്രെയിനുകള്‍ വരാനും സാധ്യതയുണ്ട്. കൊല്ലത്തുനിന്ന് ചെന്നൈയിലേക്ക് ദൂരക്കുറവും തിരക്കും ഇല്ലാത്തതിനില്‍ ഈ റൂട്ടില്‍ കൂടുതല്‍ സർവിസ് തുടങ്ങിയേക്കും. പുനലൂർ-കൊല്ലം 44 കിലോമീറ്റർ ദൂരത്തില്‍ വൈദ്യുതീകരണം പൂർത്തിയാക്കി 2022 മാർച്ചില്‍ വൈദ്യുതി എൻജിൻ ഓടി തുടങ്ങിയിരുന്നു. തുടർന്നാണ് 49 കിലോമീറ്റർ ദൂരം വരുന്ന പുനലൂർ-ചെങ്കോട്ട ലൈനുകളുടെ പണി ആരംഭിച്ചത്.
രണ്ടു വർഷം മുമ്പാണ് പുനലൂർ- ചെങ്കോട്ട ലൈൻ വൈദ്യുതികരണ ജോലികള്‍ ആരംഭിച്ചത്. മൂന്നുമാസം മുമ്ബ് പൂർത്തിയാക്കി വൈദ്യുതി എൻജിനില്‍ ട്രയല്‍ റണ്‍ നടത്തി. 13ന് പരീക്ഷണ ഓട്ടവും നടത്തി സുരക്ഷിതത്വം ഉറപ്പാക്കിയതോടെയാണ് ഇതുവഴി പൂർണമായി വൈദ്യുതി എൻജിൻ ഓടിക്കാൻ റെയില്‍വേ പച്ചക്കൊടി കാട്ടിയത്. ചെങ്കോട്ട സബ് സ്റ്റേഷനില്‍ അടുത്തിടെ പൂർത്തീകരിച്ച് 110 കെ.വി. ട്രാങ്ഷർ സബ്സ്റ്റേഷനില്‍ നിന്നാണ് ചെങ്കോട്ട-പുനലൂർ ലൈനില്‍ ആവശ്യമായ വൈദ്യുതി എത്തിക്കുന്നത്.