അറബി സാഹിത്യ ഗവേഷകരുമായി കൂടിക്കാഴ്ച നടത്തി ഫുജൈറ കിരീടാവകാശി
ഫുജൈറ| ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി, അറബി കവിതയിലും സാഹിത്യത്തിലും ഗവേഷകരായ ഹമൂദ് അല്‍ സഹൂദ് (സഊദി അറേബ്യ), അഹ്്മദ് മുഹമ്മദ് ഉബൈദ് (യു എ ഇ) എന്നിവരെ സ്വീകരിച്ചു. ഫുജൈറയിലെ അറബ് പോയട്രി ഹൗസ് സംഘടിപ്പിച്ച സാഹിത്യ കവിതാ സെഷനില്‍ പങ്കെടുക്കാനെത്തിയവരായിരുന്നു ഇരുവരും ഹിജാസ്, അല്‍ യമാമ, അറേബ്യന്‍ പെനിന്‍സുലയുടെ കിഴക്ക് എന്നിവിടങ്ങളിലെ അറബ് കവികളുടെ വാര്‍ത്തകളും കവിതകളും എന്ന ശീര്‍ഷകത്തിലാണ് സെഷന്‍ നടന്നിരുന്നത്.
അറേബ്യന്‍ ഉപദ്വീപിലെ വിവിധ പ്രദേശങ്ങളിലെ സാമൂഹികവും സാംസ്‌കാരികവുമായ പ്രതിഭാസങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതില്‍ അറബിക് കവിതയുടെ സ്ഥാനം, അറബി സാഹിത്യത്തിന്റെ ചരിത്രം വഹിക്കുന്ന സാംസ്‌കാരികവും സാഹിത്യപരവുമായ മൂല്യങ്ങളെക്കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയവ കൂടികാഴ്ചക്കിടെ കിരീടാവകാശി പരാമര്‍ശിച്ചു. മനുഷ്യനെ നിര്‍മിക്കുന്നതിലും ശാക്തീകരിക്കുന്നതിലും എല്ലാ മേഖലകളിലും വൈജ്ഞാനിക വളര്‍ച്ച വികസിപ്പിക്കുന്നതിലും ഫുജൈറയുടെ താത്പര്യവും അദ്ദേഹം എടുത്തു പറഞ്ഞു.