ജല അതോറിറ്റി പൈപ്പിടാനായി കുഴിച്ച റോഡ് കുളമായി; ജനങ്ങള്‍ ദുരിതത്തിലായിട്ട് രണ്ട് വര്‍ഷം

ജല അതോറിറ്റി പൈപ്പിടാനായി കുഴിച്ച റോഡ് കുളമായി; ജനങ്ങള്‍ ദുരിതത്തിലായിട്ട് രണ്ട് വര്‍ഷം


തിരുവനന്തപുരം: മണ്ണാംമ്മൂല - ശാസ്തമംഗലം റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ ഗതാഗതം ദുഷ്കരമായി. രണ്ടു വര്‍ഷത്തോളമായി ജനങ്ങള്‍ ദുരിതത്തിലായിട്ടും കോര്‍പറേഷന്‍ റോഡ് നന്നാക്കുന്നില്ലെന്നാണ് പരാതി.


ജല അതോറിയുടെ പണികള്‍ തീരാത്തതാണ് ദുരിതം നീളാന്‍ കാരണമെന്നാണ് കോര്‍പറേഷന്‍റെ പക്ഷം.

മണ്ണാംമ്മൂലയില്‍ നിന്ന് ഇടക്കുളം വഴി ശാസ്തമംഗലത്തേക്കുള്ള റോഡ്. റോഡെന്ന് പറയാനെ പറ്റൂ. വണ്ടി ഓടിക്കുക ദുഷ്കരം.
ജലഅതോറിറ്റി പൈപ്പിടാനായി കുഴിച്ചതോടെയാണ് പാത കുളമായത്. മഴയത്ത് ടാറും മണ്ണുമെല്ലാം ഒലിച്ചുപോയതോടെ നടന്നുപോകാന്‍ പോലും പ്രയാസം. ഇരുചക്ര വാഹന യാത്രക്കാര്‍ ഏറെ ഉപയോഗിക്കുന്ന എളുപ്പവഴി കൂടിയായതിനാല്‍ ഇടയ്ക്കിടെ അപകടവും ഉണ്ടായിട്ടുണ്ട്.

എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പറേഷനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് എത്തി. കരാറുകാരന്‍റെയും ജല അതോറിറ്റിയുടെയും തലയില്‍ വച്ച്‌ ഉത്തരവാദിത്തത്തില്‍ നിന്ന് കോര്‍പറേഷന്‍ ഒഴിഞ്ഞുമാറുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. റോഡിന്‍റെ ശോച്യാവസ്ഥയെ കെ മുരളീധരന്‍ പരിഹസിച്ചത് ഇങ്ങനെ- "കേരളത്തില്‍ ആയുർവേദ ഡോക്ടർമാർക്ക് സന്തോഷമാണ്. കാരണം റോഡിലെ കുണ്ടിലും കുഴിയിലും വീണ് നടുവൊടിഞ്ഞ് ഇപ്പോള്‍ എല്ലാവരും ചികിത്സയ്ക്ക് കയറുകയാണ്". റീ ടാറിങ് വേഗത്തിലാക്കാന്‍ നടപടിയായിട്ടുണ്ടെന്നും അടുത്ത ആഴ്ച തന്നെ പണി തുടങ്ങുമെന്നും വാര്‍ഡ് കൗണ്‍സിലര്‍ അറിയിച്ചു.


Previous Post Next Post