ലോക്സഭയിലെ നന്ദിപ്രമേയ ചര്‍ച്ച; പ്രധാനമന്ത്രി മോദിയുടെ മറുപടി ഇന്ന്
ന്യൂഡല്‍ഹി| രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ചയ്ക്ക് ലോക്സഭയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കും. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഒന്നര മണിക്കൂറിലേറെ നീണ്ട ഇന്നലത്തെ പ്രസംഗം ബിജെപിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ മോദിയുടെ മറുപടിക്കായി കാത്തിരിക്കുകയാണ് രാജ്യം.
നീറ്റ് പരീക്ഷ, അഗ്നിവീര്‍, കര്‍ഷകരുടെ മരണം എന്നീ വിഷയങ്ങളിലുള്ള മറുപടിക്കായാണ് പ്രതിപക്ഷം കാത്തിരിക്കുന്നത്. ഇന്ന് വൈകുന്നേരം ലോക്സഭയിലും നാളെ രാജ്യസഭയിലും പ്രധാനമന്ത്രി സംസാരിക്കും.
അതേസമയം രാഹുല്‍ ഗാന്ധി ഇന്നലെ നടത്തിയ ചില പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു സമൂഹത്തെ മുഴുവന്‍ അക്രമാസക്തരെന്ന് രാഹുല്‍ വിളിച്ചു എന്നാണു ബിജെപി ആരോപിക്കുന്നത്. ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് പറഞ്ഞ രാഹുല്‍ ആര്‍എസ്എസും ബിജെപിയും മോദിയും എല്ലാ ഹിന്ദുക്കളെയും പ്രതിനിധീകരിക്കുന്നില്ലെന്നും പ്രസംഗത്തില്‍ പറഞ്ഞിരുന്നു.