എസ് എന്‍ ഡി പിയുടെ പാരമ്പര്യം മലബാറിലെ ചില നേതാക്കള്‍ക്ക് അറിയില്ല; അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും: വെള്ളാപ്പള്ളി

എസ് എന്‍ ഡി പിയുടെ പാരമ്പര്യം മലബാറിലെ ചില നേതാക്കള്‍ക്ക് അറിയില്ല; അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും: വെള്ളാപ്പള്ളി
ആലപ്പുഴ | എന്‍ ഡി എ സഖ്യം എല്‍ ഡിഎഫിന്റെ ഐശ്വര്യമാണെന്നും സംസ്ഥാനത്ത് യുഡിഎഫ് കൈവശം വെച്ചുവന്നിരുന്ന പല മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയം നേടിയത് എന്‍ഡിഎ മത്സര രംഗത്ത് എത്തിയതോടെയാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശക്തമായ ത്രികോണ മത്സരത്തില്‍ യുഡിഎഫ് വോട്ടുകള്‍ എന്‍ഡിഎ പിടിക്കുന്നതു കൊണ്ടാണ് എല്‍ഡിഎഫിന് വിജയം ഉണ്ടാകുന്നത്. ഇതൊന്നും മനസിലാക്കാതെയാണ് ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു

സിപിഎം സംസ്ഥാന സെക്രട്ടറിയായതിന് ശേഷമാണ് എം വി ഗോവിന്ദന്‍ എസ്എന്‍ഡിപി യോഗത്തേയും ശ്രീനാരായണ പ്രസ്ഥാനങ്ങളേയും കടന്നാക്രമിക്കുന്നത്. എസ്എന്‍ഡിപി യോഗം എന്താണെന്നും, അതിന്റെ ശൈലി എന്താണെന്നും, പ്രവര്‍ത്തനം എന്താണെന്നും അദ്ദേഹത്തിന് അറിയില്ല. എന്നാല്‍ എല്ലാ സമുദായങ്ങളേയും ഒന്നിച്ചു കൊണ്ടുപോകാനുള്ള പ്രത്യേക കഴിവ് പാര്‍ട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനുണ്ടായിരുന്നു.രാഷ്ട്രീയമായ വീതം വെപ്പില്‍ പിന്നാക്ക ഈഴവാദി വിഭാഗങ്ങള്‍ തഴയപ്പെട്ടു എന്നത് വാസ്തവമാണ്. എല്‍ഡിഎഫിന്റെ ജീവ നാഡിയായ അടിസ്ഥാന വര്‍ഗത്തെ തള്ളിപ്പറയുന്ന രീതി ശരിയല്ല. വള്ളം മുങ്ങാന്‍ നേരത്ത് കിളവിയെ പിടിച്ച് വെള്ളത്തിലിട്ട് രക്ഷപ്പെടുന്ന രീതിയാണ് ഇപ്പോള്‍ തുടരുന്നത്. എസ്എന്‍ഡിപിയുടെ പാരമ്പര്യം മലബാറിലെ ചില നേതാക്കള്‍ക്ക് അറിയില്ല. ഗോവിന്ദന്‍ മാഷ് ആര് പറഞ്ഞാലും തിരുത്തില്ല, അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയുമെന്നും വെളളാപ്പള്ളി പറഞ്ഞു
Previous Post Next Post