ദമ്മാം-ജുബൈല്‍ ഹൈവേയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തൃശൂര്‍ സ്വദേശി മരിച്ചു
അല്‍ഖോബാർ: ദമ്മാം-ജുബൈല്‍ റോഡില്‍ ചെക്ക് പോയിന്‍റിന് സമീപം ഡിവൈഡറിലേക്ക് കാർ ഇടിച്ചുകയറി മലയാളി മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ നീയോ ഇൻഡസ്ട്രീസ് കമ്ബനിയുടെ ജനറല്‍ മാനേജരും തൃശൂർ ടൗണ്‍ പൂങ്കുന്നം സ്വദേശിയുമായ മനോജ് മേനോൻ (44) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു സംഭവം.
സുഹൃത്ത് സുരേഷുമൊന്നിച്ച് ദമ്മാമില്‍ പോയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയിരുന്ന ഇവർ സഞ്ചരിച്ച കാർ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.
മനോജ് ഇരുന്ന ഭാഗമാണ് കൂടുതല്‍ അപകടത്തില്‍ പെട്ടത്. ഗുരുതര പരിക്കേറ്റ മനോജ് സംഭവസ്ഥലത്ത് മരിച്ചു. സുരേഷിനെ പ്രാഥമിക ചികിത്സക്കും നിരീക്ഷണത്തിനും ശേഷം വിട്ടയച്ചു. അഞ്ചുവർഷത്തിലേറെയായി സൗദി ഇൻഡസ്ട്രിയല്‍ ഏരിയായ 'മഅദനി'ലുള്ള നീയോ ഇൻഡസ്ട്രീസ് കമ്ബനിയില്‍ ജോലി ചെയ്യുന്ന മനോജ് നേരത്തെ ഖത്തർ കെമിക്കല്‍ കമ്ബനിയില്‍ ജീവനക്കാരനായിരുന്നു.
ഖത്വീഫ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടില്‍ കൊണ്ടുപോകാൻ നടപടി പുരോഗമിക്കുന്നതായി നേതൃത്വം നല്‍കുന്ന കെ.എം.സി.സി ഭാരവാഹികളായ നൗഷാദ് തിരുവന്തപുരം, അമീൻ കളിയിക്കാവിള, ഹുസൈൻ, സുല്‍ഫിക്കർ എന്നിവർ അറിയിച്ചു. അപകടവിവരമറിഞ്ഞ് ദുബൈയില്‍ നിന്നും ഭാര്യാസഹോദരൻ ശരത് ദമ്മാമില്‍ എത്തിയിട്ടുണ്ട്. ഭാര്യ: ഗോപിക മേനോൻ. മകൻ: അഭയ് മേനോൻ.