മൊബൈല്‍ ഫോണില്‍ അജ്ഞാതരോട് സംസാരിക്കുമ്പോള്‍ ജാഗ്രത; ശബ്ദം പകര്‍ത്തി തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കാന്‍ ശ്രമം ഉണ്ടായേക്കാം

മൊബൈല്‍ ഫോണില്‍ അജ്ഞാതരോട് സംസാരിക്കുമ്പോള്‍ ജാഗ്രത; ശബ്ദം പകര്‍ത്തി തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കാന്‍ ശ്രമം ഉണ്ടായേക്കാം
ദുബൈ | മൊബൈല്‍ ഫോണില്‍ അജ്ഞാതരോട് സംസാരിക്കുന്നത് സൂക്ഷിച്ചുവേണമെന്ന് വിദഗ്ധര്‍. ശബ്ദം പകര്‍ത്തി തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കാന്‍ ശ്രമം ഉണ്ടായേക്കാം. നിര്‍മിത ബുദ്ധിയും സാങ്കേതിക വിദ്യയും ഉപയോഗിച്ച് ശബ്ദ ദൃശ്യ പകര്‍പ്പുകള്‍ സൃഷ്ടിച്ച് തട്ടിപ്പുകാര്‍ ഉപയോഗിച്ചു തുടങ്ങിയതായി വിമന്‍ ഇന്‍ സൈബര്‍ സെക്യൂരിറ്റി മിഡില്‍ ഈസ്റ്റിന്റെ സ്ഥാപക പങ്കാളിയും ബോര്‍ഡ് അംഗവുമായ ഐറിന്‍ കോര്‍പസ് മുന്നറിയിപ്പു നല്‍കി.

ഓഡിയോ ഡീപ്ഫേക്കുകള്‍ വ്യാപകമായിരിക്കുന്നു. കൂടുതല്‍ വിശ്വസനീയമാക്കാന്‍ നിര്‍മിത ബുദ്ധിയില്‍ മുഖ ദൃശ്യം ഉള്‍പ്പെടുത്തുന്നു. ഈ വര്‍ഷം മെയ് മാസത്തില്‍ ഹോങ്കോങ്ങിലെ ഒരു ബ്രിട്ടീഷ് എന്‍ജിനീയറിംഗ് കമ്പനിക്ക് ഏകദേശം 20 കോടി ഹോങ്കോങ് ഡോളര്‍ (9.4 കോടി ദിര്‍ഹം) നഷ്ടമായി. സ്‌കാമര്‍മാര്‍ നിങ്ങളെ ഫോണ്‍ സംഭാഷണങ്ങളില്‍ ഉള്‍പ്പെടുത്തും. അതിലൂടെ അവര്‍ക്ക് നിങ്ങളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യാനും തട്ടിപ്പിന് അത് ഉപയോഗിക്കാനും കഴിയും.ഒന്നിലധികം പങ്കാളികളുള്ള സൂം മീറ്റിംഗുകളിലും ഇത് ചെയ്യാന്‍ കഴിയുമെന്ന് ഐറിന്‍ പറഞ്ഞു.

ശബ്ദം കേള്‍ക്കുമ്പോള്‍ അല്ലെങ്കില്‍ ഒരു സുഹൃത്തിന്റെയോ പ്രിയപ്പെട്ട ഒരാളുടെയോ വീഡിയോ കണ്ടാല്‍, ഇരക്ക് വിശ്വസനീയമാകുമെന്ന് തട്ടിപ്പുകാര്‍ക്കറിയാം. ഇവ നിര്‍മിക്കാന്‍ നിര്‍മിത ബുദ്ധിയുണ്ട്. ഓഡിയോ ഡീപ്ഫേക്കുകള്‍ സംബന്ധിച്ച് ആളുകള്‍ക്ക് ബോധ്യം വേണം. ജാഗ്രത പാലിക്കണം. നിങ്ങള്‍ക്ക് അജ്ഞാത നമ്പറില്‍ നിന്ന് കോള്‍ ലഭിക്കുകയും ഉത്തരം ആവശ്യമുള്ള ചോദ്യങ്ങളുമായി കോളര്‍ സംഭാഷണം ആരംഭിക്കുകയുമാണെങ്കില്‍ ജാഗ്രത പാലിക്കുക. പ്രത്യേകിച്ചും ‘അതെ’ അല്ലെങ്കില്‍ ‘ഇല്ല’ എന്ന തരത്തില്‍ സംഭാഷണം നടത്തുമ്പോള്‍. സ്‌കാമര്‍മാര്‍ക്ക് ഒരു ചാറ്റ്‌ബോട്ട് ഉപയോഗിച്ച് കോളുകള്‍ ആരംഭിക്കാന്‍ കഴിയും.

ഒരു ചാറ്റ്‌ബോട്ട് ഇടപാട് അഭ്യര്‍ത്ഥന സ്ഥിരീകരിക്കുമ്പോള്‍ ഒരു ചോദ്യം: ‘നിങ്ങള്‍ക്ക് ഒരു പേയ്‌മെന്റ് ആരംഭിക്കാന്‍ താത്പര്യമുണ്ടോ. ഇത് ശരിയാണോ?’ സ്‌കാമര്‍മാര്‍ക്ക് റെക്കോര്‍ഡ് ചെയ്ത ‘അതെ’ അല്ലെങ്കില്‍ ‘ഇല്ല’ ഉത്തരം ദുരുപയോഗം ചെയ്യാന്‍ കഴിയുന്ന സമയമാണിത്. അതിനാല്‍, അജ്ഞാതരായ ഫോണ്‍ കോളുകള്‍ക്ക് ‘അതെ’ അല്ലെങ്കില്‍ ‘ഇല്ല’ തുടങ്ങിയ സ്ഥിരീകരണ വാക്യങ്ങള്‍ ഉപയോഗിച്ച് ഉത്തരം നല്‍കുന്നത് ഒഴിവാക്കുക.

തട്ടിപ്പുകാര്‍ നിങ്ങളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് വഞ്ചനാപരമായ ഇടപാടുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനോ ഐഡന്റിറ്റി പരിശോധനക്കായി ശബ്ദം തിരിച്ചറിയല്‍ ഉപയോഗിക്കുന്ന ഓട്ടോമേറ്റഡ് സിസ്റ്റങ്ങളെ കബളിപ്പിക്കുന്നതിനോ ഇത് ഉപയോഗിച്ചേക്കാം. ഇത് നിയമാനുസൃതമായ കോളാണെന്ന് വിശ്വസിപ്പിക്കാന്‍ തട്ടിപ്പുകാര്‍ സ്ഥിരീകരണ തന്ത്രങ്ങളും ഉപയോഗിക്കാം. ‘നിങ്ങളുടെ എമിറേറ്റ്സ് ഐഡിയുടെ ആദ്യ അക്കങ്ങള്‍ സ്‌കാമര്‍ പറയും. മിക്ക സ്‌കാം കോളര്‍മാരും തങ്ങള്‍ ബേങ്കുകള്‍, സെന്‍ട്രല്‍ ബേങ്കുകള്‍, പോലീസ്, യൂട്ടിലിറ്റി കമ്പനികള്‍ എന്നിവയില്‍ നിന്നുള്ളവരാണെന്ന് നടിക്കുന്നുവെന്നും ഐറിന്‍ വ്യക്തമാക്കി.
Previous Post Next Post