ദുബൈ വികസനം അളക്കാന്‍ 'ദുബൈ ഇക്കണോമിക് മോഡല്‍'

ദുബൈ വികസനം അളക്കാന്‍ 'ദുബൈ ഇക്കണോമിക് മോഡല്‍'
ദുബൈ | ദുബൈയുടെ വികസനവും അതിന്റെ സാമ്പത്തിക ലക്ഷ്യങ്ങളും സൂക്ഷ്മമായി അളക്കാന്‍ ദുബൈ ഇക്കണോമിക് മോഡല്‍ അവതരിപ്പിക്കുന്നു. 2033-ഓടെ ലോകത്തെ മികച്ച മൂന്ന് നഗര സമ്പദ്വ്യവസ്ഥകളിലൊന്നായി മാറുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഏറ്റവും പുതിയ സംരംഭങ്ങള്‍ക്കും പരിപാടികള്‍ക്കും അംഗീകാരം നല്‍കിയ ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് 3,000 പ്രകടന സൂചകങ്ങള്‍ ഉപയോഗിക്കുന്ന ദുബൈ ഇക്കോണമിക് മോഡലിന് അംഗീകാരം നല്‍കിയത്. സംയോജിത ചട്ടക്കൂട്, സംവേദനാത്മക ഡാഷ്ബോര്‍ഡുകള്‍, പോളിസി ഇംപാക്ട് അസസ്മെന്റ് റിപ്പോര്‍ട്ടുകള്‍ എന്നിവ ഇതിന്നായി ഉപയോഗിക്കും.

ദുബൈയുടെ പ്രഥമ ഉപഭരണാധികാരിയും യു എ ഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ദുബൈയിലേക്ക് 650 ബില്യണ്‍ ദിര്‍ഹം നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായിക്കുന്ന നിക്ഷേപ വികസന പരിപാടിയും ശൈഖ് മക്തൂം പ്രഖ്യാപിച്ചു. പത്ത് വര്‍ഷത്തിനുള്ളില്‍ 25 ബില്യണ്‍ ദിര്‍ഹം ഇന്‍സെന്റീവുകള്‍ നീക്കിവച്ചുകൊണ്ടാണ് ഈ വികസന പരിപാടി നടപ്പിലാക്കുക. സൗകര്യപ്രദവും കാര്യക്ഷമവും സുസ്ഥിരവുമായ ഗതാഗത സംവിധാനങ്ങളിലൂടെ എല്ലാ പ്രധാന സേവനങ്ങളും ആക്സസ് ചെയ്യാനും ജീവിക്കാനും ജോലി ചെയ്യാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായി ദുബൈ മാറിയിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിമ്പര്‍ പ്രോഗ്രാം

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇസ്്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് സ്വീകരിച്ച ദേശസാത്കരണ സംരംഭങ്ങളുടെ ഭാഗമായി പ്രാദേശിക ഇമാമുകളെ നിയമിക്കുന്ന മിമ്പര്‍ പരിപാടിക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി. മസ്ജിദുകളില്‍ ജോലി ചെയ്യുന്ന പൗരന്മാരുടെ എണ്ണം ഇരട്ടിയാക്കാനും അവരെ ശാക്തീകരിക്കാനും ഈ പരിപാടി ലക്ഷ്യമിടുന്നു. നിസ്‌കാരം, വാങ്ക്, ഖുതുബ എന്നിവയില്‍ അവരുടെ പങ്കാളിത്തം വര്‍ധിപ്പിക്കും.
Previous Post Next Post