കോവിഡ് ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം രണ്ടര വര്‍ഷത്തോളം കുറച്ചുവെന്ന് പഠനം; ആധികാരികത പോരെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: 2020ല്‍ ലോകം മുഴുവൻ പടർന്നു പിടിച്ച കോവിഡ് 19 ആളുകളുടെ ആയുർദൈർഘ്യം രണ്ടര വർഷത്തോളം കുറച്ചുവെന്ന പഠന റിപ്പോർട്ട് തള്ളി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം.
പഠന റിപ്പോർട്ടില്‍ ആധികാരികതയില്ലെന്നും അതിനാല്‍ അംഗീകരിക്കാനാവില്ലെന്നുമാണ് കേന്ദ്രമന്ത്രാലയം പ്രതികരിച്ചത്. സയൻസ് അഡ്വാൻസസ് ജേണലിലാണ് ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
2019 നും 2020 നും ഇടയില്‍ ഇന്ത്യക്കാരുടെ ആയുർദൈർഘ്യത്തില്‍ 2.6 വർഷത്തെ നഷ്ടം സംഭവിച്ചതായി അഭിപ്രായപ്പെട്ടു. മുസ്‍ലിംകളും പട്ടികവർഗവിഭാഗങ്ങളും പോലുള്ള സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കാണ് ഏറ്റവും വലിയ നഷ്ടം സംഭവിച്ചതെന്ന് പഠനം സൂചിപ്പിക്കുന്നു. പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്ബോള്‍ (2.1 വർഷം) സ്ത്രീകളിലാണ് (3.1 വർഷം) ആയുർദൈർഘ്യം കൂടുതല്‍ കുറഞ്ഞത്.
എന്നാല്‍ പഠനത്തില്‍ ഒരുപാട് പിഴവുകളുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വാദം. ദേശീയ കുടുംബാരോഗ്യ സർവേയില്‍ നിന്നുള്ള സാംപിള്‍ പരിഗണിച്ചാല്‍ മാത്രമേ ഇതുസംബന്ധിച്ച കൃത്യമായ കണക്കുകള്‍ ലഭിക്കുകയുള്ളൂ. 14 സംസ്ഥാനങ്ങളില്‍ നിന്നുള്ള വെറും 23 ശതമാനം കുടുംബങ്ങളെ വിശകലനം ചെയ്താല്‍ ദേശീയ മരണനിരക്ക് കൃത്യമായി പ്രതിഫലിപ്പിക്കാനാകില്ലെന്നും മന്ത്രാലയം സൂചിപ്പിച്ചു. 2019നെ അപേക്ഷിച്ച് 2020 ല്‍ മരണനിരക്ക് വർധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് കോവിഡ് കൊണ്ടുമാത്രമല്ല. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കോവിഡ് ബാധിച്ച് പുരുഷൻമാരാണ് ഇന്ത്യയില്‍കൂടുതല്‍ മരണപ്പെട്ടത്. അതുപോലെ പ്രായമായവരും. സ്ത്രീകളിലും യുവാക്കളിലും കോവിഡ് മരണനിരക്ക് താരതമ്യേന കുറവായിരുന്നുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. റിപ്പോർട്ടിലെ ഈ വൈരുധ്യങ്ങളാണ് വിശ്വാസ്യയോഗ്യമല്ലെന്ന് ആരോപണങ്ങളെ സാധൂകരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.