മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധംആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം;നിയന്ത്രണങ്ങള്‍ ഇങ്ങനെ

മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധം
ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം;നിയന്ത്രണങ്ങള്‍ ഇങ്ങനെ
മലപ്പുറം: ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്ത് പൊതു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ ഉത്തരവ്. പൊതുജനങ്ങൾ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു. പക്ഷികളും വവ്വാലുകളും മറ്റു ജീവികളും കടിച്ച പഴങ്ങൾ കഴിക്കരുതെന്നും രോഗലക്ഷണങ്ങൾ ഉണ്ടാകുകയോ രോഗിയുടെ റൂട്ട് മാപ്പിൽ അതേ സമയത്തുണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടുകയും ചെയ്യണമെന്ന് കളക്ടർ വ്യക്തമാക്കുന്നു,

രോഗം സ്ഥിരീകരിച്ച 14-കാരന്റെ സ്വദേശമായ പാണ്ടിക്കാട്, പഠിക്കുന്ന സ്കൂൾ ഉൾപ്പെടുന്ന ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളിലും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. പൊതുജനാരോഗ്യ നിയമം, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരമാണ് ഉത്തരവ്.

ഗ്രാമപഞ്ചായത്ത് പരിധികളിൽ ആൾക്കൂട്ടം പൂർണ്ണമായും ഒഴിവാക്കണം. മുൻകൂട്ടി നിശ്ചയിച്ച വിവാഹം അടക്കമുള്ള ചടങ്ങുകൾ ഏറ്റവും പരിമിതമായ ആളെ മാത്രം വെച്ച് നടത്തണം. മെഡിക്കൽ ഷോപ്പുകൾ ഒഴികെ കടകളും ഹോട്ടലുകളും രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ചു മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. സിനിമാ തിയേറ്ററുകൾ പൂർണ്ണമായും അടച്ചിടും. സ്കൂളുകൾ, കോളേജുകൾ, മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങിയവ പ്രവർത്തിക്കരുത് എന്നിവയെല്ലാം നിയന്ത്രണങ്ങളിൽ ഉൾപ്പെടുന്നു
Previous Post Next Post