ട്രോളിങ് നിരോധനം നീങ്ങാൻ മൂന്നുനാള്‍ മാത്രം
കൊല്ലം: ട്രോളിങ് നിരോധനം അവസാനിക്കാൻ ഇനി മൂന്നുനാള്‍. ഇനി ചാകരയുടെ കാലമാണ് ഓരോ മത്സ്യത്തൊഴിലാളികളും സ്വപ്നം കാണുന്നത്.
ജൂണ്‍ ഒമ്ബത് അര്‍ധരാത്രി മുതല്‍ നിലവില്‍വന്ന ട്രോളിങ് നിരോധനം 52 ദിവസത്തിനുശേഷം ബുധനാഴ്ചയോടുകൂടി അവസാനിക്കും. ഇതോടെ ബോട്ടുകള്‍ കടലിലിറക്കുന്നതിനായി മത്സ്യബന്ധന കേന്ദ്രങ്ങളില്‍ ഒരുക്കമാരംഭിച്ചു.
ആഗസ്റ്റ് ഒന്നുമുതല്‍ മത്സ്യബന്ധനത്തിനു പോകുന്നതിനായി ലക്ഷങ്ങള്‍ ചെലവിട്ട് ബോട്ടുകളിലെ അറ്റകുറ്റപ്പണി ചെയ്ത് തീർക്കല്‍, ബാറ്ററി ശരിയാക്കുക, പുതിയ വലകള്‍ നെയ്യുക, കേടുപാടുകള്‍ തീർത്തും ഭൂരിഭാഗം ബോട്ടുകളുടെയും തയാറെടുപ്പുകള്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. ഇന്ധനം ശേഖരിച്ചുതുടങ്ങുന്നതിനായി തുറമുഖങ്ങളിലെ ഡീസല്‍ ബങ്കുകള്‍ തുറന്നുപ്രവർത്തിക്കാൻ അനുമതി നല്‍കിയിട്ടുണ്ട്. നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കല്‍ തീരമേഖലകളിലെ ഡീസല്‍ പമ്ബുകളാണ് തിങ്കളാഴ്ച മുതല്‍ തുറക്കുക. അവശേഷിക്കുന്ന ദിവസങ്ങളില്‍ ബോട്ടുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഇന്ധനവും ഐസും റേഷനും ശേഖരിച്ചുതുടങ്ങും.
ഏഴുമാസം ക്ഷേമപെൻഷൻ കുടിശ്ശിക
നീണ്ട 52 ദിവസത്തെ ഇടവേളക്കുശേഷം ഉള്‍ക്കടലിലേക്ക് മീൻപിടിത്തത്തിനിറങ്ങാനിരിക്കെ ഇത്തവണയും കാലാവസ്ഥ പ്രതികൂലമായേക്കുമെന്ന ഭയപ്പാടിലാണ് മത്സ്യമേഖല. കഴിഞ്ഞ സീസണില്‍ വരുമാനം ഏറ്റവും കുറവായിരുന്നു. ഇന്ധന വിലവർധനയും ഫീസ് വർധനയും മത്സ്യമേഖലയെ അലട്ടുമ്ബോഴും സർക്കാർ സഹായവും വാഗ്ദാനങ്ങള്‍ മാത്രമായിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ ക്ഷേമനിധി പെൻഷൻ ഏഴുമാസമായി കുടിശ്ശിക ഇനത്തില്‍ നല്‍കാനുണ്ട്. തൊഴിലാളികള്‍ ക്ഷേമനിധി പെൻഷൻ നിധിയിലേക്ക് 100 രൂപ വീതമാണ് അടക്കുന്നത്. 60 വയസ്സ് വരെയുള്ളവരാണ് വിഹിതം അടക്കുന്നത്. 1600 രൂപയാണ് പ്രതിമാസ പെൻഷൻ. പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്ന മണ്ണെണ്ണ സബ്സിഡി തുക മൂന്ന് മാസമായി ലഭിക്കുന്നില്ല. ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്ബത്തിക സഹായം നല്കുന്ന സമാശ്വാസ തുകയും ലഭിച്ചിട്ടില്ലെന്നും ഈ കാലത്ത് നല്‍കേണ്ട ഭക്ഷ്യവസ്തുക്കളും വിതരണം ചെയതിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
നിരോധനകാലം സമാധാനപരം
ട്രോളിങ് നിരോധനകാലം മേഖലയില്‍ പൂർണമായും സമാധാനപരമായിരുന്നു. അപകടങ്ങളും അനിഷ്ടസംഭവങ്ങളും ഒന്നും റിപ്പോർട്ട് ചെയ്തില്ല. നീണ്ടകര പാലത്തില്‍ ചങ്ങലയിട്ടതോടെയാണ് ജില്ലയില്‍ ഈ വർഷത്തെ ട്രോളിങ് നിരോധനത്തിന് തുടക്കമായത്. പരമ്ബരാഗത മത്സ്യബന്ധനത്തിന് ഈ കാലയളവില്‍ നിരോധനമില്ലായിരുന്നു. നീണ്ടകര പാലത്തിന് പടിഞ്ഞാറുവശം, തങ്കശ്ശേരി, അഴീക്കല്‍ തുറമുഖങ്ങളാണ് ട്രോളിങ് നിരോധന സമയങ്ങളില്‍ അടച്ചിട്ടിരുന്നത്. നിരോധനം ലംഘിക്കാതിരിക്കാൻ തീരപ്രദേശങ്ങളില്‍ കനത്ത പൊലീസ് കാവലും ഈ സമയങ്ങളില്‍ ഉറപ്പാക്കിയിരുന്നു. പരമ്ബരാഗത രീതിയിലുള്ള തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണമുണ്ടായിരുന്നില്ല. എന്നാല്‍, ഇവർക്കും ട്രോളിങ് നിരോധനത്തിന്റെ തുടക്കത്തില്‍ കാര്യമായി മീൻ ലഭിച്ചിരുന്നില്ല.
തീരപ്രദേശങ്ങളില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികളില്‍ ഏർപ്പെട്ടിരുന്ന അന്തർസംസ്ഥാന തൊഴിലാളികള്‍ മിക്കവരും അവരുടെ നാട്ടിലേക്കുമടങ്ങുക ട്രോളിങ് നിരോധന സമയത്താണ്. ഇവരും ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ തിരികെയെത്തും.