അർജുനെ രക്ഷിക്കണം, അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിർദേശം
കർണാടകയിൽ മലയാളി മണ്ണിടിച്ചിലിൽ കുടുങ്ങിയ സംഭവത്തിൽ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ ജില്ലാ കലക്ടറുമായും പോലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്.
കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലാണ് കോഴിക്കോട് സ്വദേശി അർജുൻ കുടുങ്ങിക്കിടക്കുന്നത്. ഏകോപനത്തിന് കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. മന്ത്രി കെ ബി ഗണേഷ് കുമാറും കെ സി വേണുഗോപാലും അടക്കമുള്ളവർ ഇടപെട്ടതോടെ രക്ഷാപ്രവർത്തനം വേഗത്തിൽ ആക്കാൻ കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി.നാവികസേനയുടെ ഹെലികോപ്റ്ററുകൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഡൈവർമാർ ഹെലികോപ്റ്ററുകൾ വഴി പുഴയിലേക്കിറങ്ങി പരിശോധിക്കാൻ ആലോചിക്കുന്നുണ്ട്. കാർവാർ നാവികസേന ബേസ് കളക്ടറുടെ അഭ്യർത്ഥന പ്രകാരം ഗോവ നേവൽ ബേസിൽ അനുമതി തേടി.