പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് സ്റ്റേ നൽകി സുപ്രീംകോടതി;
പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ കേസിലെ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് സ്റ്റേ നൽകി സുപ്രീംകോടതി. ജസ്റ്റിസ് ബിആർ ഗവായി അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. പ്രതിയുടെ മനഃശാസ്ത്ര-ജയിൽ സ്വഭാവ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ശിക്ഷ ലഘൂകരിക്കാൻ കാരണങ്ങൾ ഉണ്ടെങ്കിൽ അതേക്കുറിച്ച് പഠിച്ച് റിപ്പോർട്ടും സമർപ്പിക്കണം. മനശാസ്ത്ര പരിശോധനയ്ക്ക് തൃശൂർ മെഡിക്കൽ കോളേജ് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് അസാം സ്വദേശി അമീറുൾ ഇസ്ലാമിനെ വധശിക്ഷക്ക് വിധിച്ചത്. ഡിഎൻഎ അടക്കം സർക്കാർ ഹാജരാക്കിയ സുപ്രധാന തെളിവുകളെല്ലാം വിശ്വസനീയമാണെന്നും വിധിന്യായത്തിൽ പ്രത്യേകം പരാമർശിച്ചിരുന്നു. കൊലപാതകം, ബലാൽത്സംഗം, അതിക്രമിച്ചു കയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം കോടതിയിൽ തെളിഞ്ഞു.2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ കുറപ്പുംപടിയ്ക്കടുത്ത് ഇരിങ്ങോളിൽ നിയമ വിദ്യാർത്ഥിനിയായിരുന്ന യുവതി ബലാത്സംഗത്തിനിരയായി അതിക്രൂരമായി കൊല്ലപ്പെട്ടത്. നിർമാണ തൊഴിലാളികൾ ധരിക്കുന്ന തരം ചെരുപ്പ് വീടിന്റെ പരിസരത്തു നിന്നും പൊലീസ് കണ്ടെത്തി. കൊലയാളിയുടെ ഡിഎൻഎ വിവരങ്ങൾ പൊലീസിന് കിട്ടി. എന്നാൽ നിലവിൽ സംശയമുണ്ടായിരുന്ന ആരുമായും ഈ ഡിഎൻഎ ചേർന്നില്ല.മരണവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട യുവതിയുടെ വീടിന് പരിസരത്തുളള ഇതര സംസ്ഥാന തൊഴിലാളികളെ വിശദമായി ചോദ്യം ചെയ്തു. പിന്നാലെ 25 പേരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നും പ്രതിയെ കുറിച്ചുളള കൃത്യമായ സൂചനയും ലഭിച്ചു. പ്രതിയായ അമീറുൽ ഇസ്‌ലാം തമിഴ്നാട്ടിൽ നിന്നാണ് അറസ്റ്റിലായത്. അവിടെ വ്യാജ പേരിൽ കാർ വർക്ക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ.കൊല്ലപ്പെട്ട യുവതിയുടെ പേര് വിചാരണ നടപടികളുടെ ആദ്യഘട്ടത്തിൽ കോടതി രേഖകളിൽ ഉപയോഗിച്ചിരുന്നെങ്കിലും അന്തിമ വിധിന്യായത്തിൽ ഒഴിവാക്കിയിട്ടുണ്ട്. മരണശേഷവും ഇരയുടെ സ്വകാര്യതയെ മാനിക്കാനാണു യുവതിയുടെ പേരിനു പകരം ഇംഗ്ലിഷ് അക്ഷരമാലയിലെ ‘ജെ’ എന്ന അക്ഷരം ഉപയോഗിക്കുന്നതെന്നും കോടതി രേഖപ്പെടുത്തി.