ഹജ്ജ്: ഹാജിമാരുടെ മടക്കയാത്ര തുടങ്ങി
കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് കര്‍മം നിര്‍വഹിച്ചവരുടെ ആദ്യസംഘം തിരിച്ചെത്തി. ഇന്നലെ വൈകിട്ട് നാലിന് 1,66 ഹാജിമാരുമായുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം കരിപ്പൂരിലിറങ്ങി. നിശ്ചയിച്ച സമയത്തിലും 45 മിനുട്ട് വൈകിയാണ് വിമാനം എത്തിയത്. കസ്റ്റംസ്, എമിഗ്രേഷന്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ഹാജിമാര്‍ അഞ്ചോടെ പുറത്തിറങ്ങി. ആദ്യ വിമാനത്തില്‍ തിരിച്ചെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, അംഗങ്ങളായ അഡ്വ. പി മൊയ്തീന്‍കുട്ടി, കെ എം കാസിം കോയ പൊന്നാനി, ഡോ. ഐ പി അബ്ദുസ്സലാം, ഉമ്മര്‍ ഫൈസി മുക്കം, പി ടി അക്ബര്‍, സഫര്‍ കയാല്‍, പി പി മുഹമ്മദ് റാഫി, കൊണ്ടോട്ടി നഗരസഭാ ഉപാധ്യക്ഷന്‍ അശ്‌റഫ് മടാന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ഫിറോസ്, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി എന്‍ മുഹമ്മദലി, ഹജ്ജ് മന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥന്‍ യൂസുഫ് പടനിലം, പി കെ ഹസൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
മെയ് 21ന് പുറപ്പെട്ട ആദ്യ സംഘത്തിലെ ഹാജിമാരാണ് ഇന്നലെ ഒന്നാമത്തെ വിമാനത്തില്‍ എത്തിയത്. മദീനയില്‍ നിന്നാണ് ഹാജിമാരുടെ മടക്കം. രണ്ടാമത്തെ വിമാനം രാത്രി 8.30ന് കരിപ്പൂരിലെത്തി. കരിപ്പൂരിലെ ഹാജിമാരുടെ മടക്കം ഈ മാസം 22ന് അവസാനിക്കും. കണ്ണൂര്‍, കൊച്ചി വഴി ഹജ്ജിന് പുറപ്പെട്ട ഹാജിമാരുടെ മടക്കയാത്ര ഈ മാസം പത്ത് മുതലാണ് ആരംഭിക്കുക.