വിൻഡോസ് തകരാറ്: എയര്‍ ഇന്ത്യക്ക് ഒരു സര്‍വ്വീസ് പോലും റദ്ദാക്കേണ്ടി വന്നില്ല, ക്രഡിറ്റ് സ്വന്തം സാങ്കേതികവിദ്യക്ക്
ദില്ലി: ഫാല്‍ക്കണ്‍ സെൻസറിലെ തകരാറ് മൂലം എയർപോർട്ടുകളില്‍ വിമാന സർവ്വീസുകള്‍ക്കുണ്ടായ തകരാറ് പരിഹരിച്ചതായി വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡു.
വിമാനത്താവളങ്ങളുടെ പ്രവർത്തനം ശനിയാഴ്ച പുലർച്ചെ 3 മണിയോടെ പരിഹരിച്ചതായാണ് കേന്ദ്രമന്ത്രി വിശദമാക്കിയത്. വിമാന സർവ്വീസുകള്‍ സുഗമമായി നടക്കുന്നതായും കെ രാം മോഹൻ നായിഡു പ്രതികരിച്ചു. വെള്ളിയാഴ്ച ആഗോളതലത്തിലെ മൈക്രോ സോഫ്റ്റ് വിൻഡോസിലെ തകരാറ് വിമാനത്താവളങ്ങളുടെ പ്രവർത്തനം തകരാറിലാക്കിയിരുന്നു. മറ്റ് വിമാന സർവ്വീസുകളും റീഫണ്ട് വിഷയവും സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും മന്ത്രി വിശദമാക്കി.
അതേസമയം ആഗോളതലത്തിലുണ്ടായ പ്രശ്നം എയർ ഇന്ത്യ വിമാന സർവ്വീസുകളെ ബാധിച്ചില്ലെന്നാണ് എയർ ഇന്ത്യ വക്താവ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. ക്രൗഡ്സ്ട്രൈക്കിന്റെ ഒരു സുരക്ഷാ അപ്ഡേറ്റിലെ പിഴവ് മൂലം ജൂലൈ 19ന് ഒരു സർവ്വീസ് പോലും റദ്ദാക്കേണ്ടി വന്നില്ലെന്നും എന്നാല്‍ എയർപോർട്ട് സർവ്വീസിലെ അപാകത മൂലം ചില സർവ്വീസുകള്‍ക്ക് താമസം മാത്രമാണ് നേരിട്ടതെന്നുമാണ് എയർ ഇന്ത്യ വ്യക്തമാക്കുന്നത്. എയർ ഇന്ത്യയുടെ സ്വന്തം സാങ്കേതിക വിദ്യയെ ആഗോള പ്രതിസന്ധി ബാധിച്ചില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി. കൊല്‍ക്കത്ത, മുംബൈ, ദില്ലി, ചെന്നൈ, കൊച്ചി അടക്കമുളള വിമാനത്താവളങ്ങളെ ആഗോളതലത്തിലെ തകരാറ് സാരമായി ബാധിച്ചിരുന്നു. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ മാത്രം 25 സർവ്വീസുകളാണ് റദ്ദാക്കിയത്. 70 ലേറെ സർവ്വീസുകളാണ് കൊല്‍ക്കത്തയില്‍ മാത്രം താമസം നേരിട്ടത്.
ക്രൗഡ്സ്ട്രൈക്കിന്റെ ഒരു സുരക്ഷാ അപ്ഡേറ്റിലെ പിഴവ് മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളെ വെള്ളിയാഴ്ച മുതല്‍ സാങ്കേതിക പ്രശ്നത്തിലേക്ക് തള്ളി വിട്ടിരുന്നു. ക്രൗഡ്സ്ട്രൈക്കിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്ന ലോകത്തിലെ മുൻ നിര കന്പനികളും, എയർപോർട്ടുകളും ബാങ്കുകളും എല്ലാം ഇതോടെ കുഴപ്പത്തിലായിരുന്നു. വിമാനത്താവളങ്ങളിലെയും ബാങ്കുകളിലെയും സൂപ്പർമാർക്കറ്റുകളിലെയും കന്പ്യൂട്ടറുകള്‍ പണിമുടക്കിയതോടെയാണ് പൊതുജനം പ്രശ്നത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞത്. അമേരിക്കയിലും, യുകെയിലും, ഓസ്ട്രേലിയയിലും ഇന്ത്യയിലും അടക്കം നിരവധി വിമാന സർവ്വീസുകളെ പ്രശ്നം കാര്യമായി ബാധിച്ചു.
ചെക്ക് ഇൻ ചെയ്യാനും, ബാഗേജ് ക്ലിയറൻസ് നടത്താനും പോലും പറ്റാത്ത അവസ്ഥ പലയിടത്തുമുണ്ടായി.ഡിസ്പ്ലേ ബോർഡുകള്‍ പണിമുടക്കിയതോടെ വമ്ബൻ വൈറ്റ് ബോർഡുകളില്‍ വിമാന സർവ്വീസ് വിവരങ്ങള്‍ എഴുതിവയ്ക്കേണ്ടി വന്നു ചില എയർപോർട്ടുകളില്‍. വിൻഡോസ് സിസ്റ്റങ്ങളെ നിശ്ചലമാക്കിയ പ്രശ്നത്തിന്റെ യഥാർത്ഥ കാരണം ക്രൗഡ്സ്ട്രൈക്ക് എന്ന സൈബർസുരക്ഷ കന്പനിയുടെ ഫാല്‍ക്കണ്‍ സെൻസർ എന്ന സുരക്ഷാ സോഫ്റ്റ്‍വെയറില്‍ രാത്രി നടത്തിയ ഒരു അപ്ഡേറ്റാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ലോകത്തെ മുൻനിര ബിസിനസ് സ്ഥാപനങ്ങള്‍ വിശ്വസിക്കുന്ന സൈബർ സുരക്ഷാ കന്പനിയാണ് ക്രൗഡ്സ്ട്രൈക്ക്. വൈറസുകളില്‍ നിന്നും ഹാക്കർമാരില്‍ നിന്നും സന്പൂർണ സുരക്ഷ വാഗ്ദാനം ചെയ്യുന്ന കന്പനിയുടെ അബദ്ധത്തിന് വലിയ വിലയാണ് ബാങ്കുകള്‍ക്കടക്കം കൊടുക്കേണ്ടി വന്നത്.