തിരച്ചില്‍ അനിശ്ചിതത്വത്തില്‍,അടുത്ത ഘട്ടത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തിന് ധാരണയില്ല; എകെഎം അഷ്‌റഫ് എംഎല്‍എ
അങ്കോല | ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനായുള്ള രക്ഷാദൗത്യം പ്രതിസന്ധിയിലെന്ന് എകെഎം അഷ്‌റഫ് എംഎല്‍എ. ഈശ്വര്‍ മാല്‍പ പുഴയില്‍ ഇറങ്ങി നടത്തുന്ന തിരച്ചിലില്‍ അനുകൂലമായ യാതൊരു ഫലവും ലഭിച്ചിട്ടില്ല.ലോറിയോ മറ്റു പ്രതീക്ഷ നല്‍കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല, ഈ ദൗത്യം കഴിഞ്ഞാല്‍ ഇനിയെന്താണ് ചെയ്യുക എന്നതില്‍ വ്യക്തതയില്ല.ഒരു പ്ലാന്‍ ബി തയ്യാറാക്കിയിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.
സംവിധാനങ്ങള്‍ എത്തിക്കുമെന്ന് പറയുന്നതല്ലാതെ ഒന്നും കൊണ്ടുവരുന്നില്ല. ഫ്‌ലോട്ടിങ്ങ് പോന്റൂണ്‍, ടഗ് ബോട്ട്, ഡ്രഡ്ജിങ്ങ് ഉപകരണങ്ങള്‍ എത്തിയില്ല. ഉത്തര കന്നഡ കളക്ടര്‍ക്കുപോലും ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ല.
കേരള, കര്‍ണ്ണാടക മുഖ്യമന്ത്രിമാര്‍ സംസാരിച്ച് പ്ലാന്‍ ബി തയ്യാറാക്കണമെന്നും എകെഎം അഷ്‌റഫ് എംഎല്‍എ പറഞ്ഞു.
അതേസമയം സതീഷ് സെയില്‍ എംഎല്‍എയുടെ പ്രവര്‍ത്തനവും എടുത്ത് പറയേണ്ടതാണെന്നും സഭയില്‍ പോലും പോകാതെ അദ്ദേഹം ഇവിടെയുണ്ടെന്നും എംഎല്‍എ പറഞ്ഞു. നിലവില്‍ രക്ഷാദൗത്യത്തിനായി പലരീതികളിലുള്ള വെല്ലുവിളികളാണ് ഉണ്ടാവുന്നത്. ഉന്നത തല ആലോചന ആവശ്യമാണെന്നും എകെഎം അഷ്‌റഫ് എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു