കോപ്പ അമേരിക്ക; ആതിഥേയരെ പുറത്താക്കി യുറുഗ്വായ്, ബൊളീവിയയെ തകര്‍ത്ത് പനാമയും ക്വാര്‍ട്ടറില്‍
ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ആതിഥേയരായ അമേരിക്കയെ വീഴ്ത്തി യുറുഗ്വായ് ക്വാര്‍ട്ടർ ഫൈനലില്‍. ഗ്രൂപ്പ് സിയില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് യുറുഗ്വായ് അമേരിക്കയെ തകര്‍ത്തത്. മൂന്നില്‍ മൂന്ന് മത്സരങ്ങളും വിജയിച്ച യുറുഗ്വായ് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചത്.
അമേരിക്കയ്‌ക്കെതിരെ മത്തിയാസ് ഒലിവേരയാണ് (66) യുറുഗ്വായുടെ വിജയഗോള്‍ നേടിയത്. കരുത്തരായ യുറുഗ്വായ്‌ക്കെതിരെ മികച്ച പ്രകടനമാണ് അമേരിക്ക പുറത്തെടുത്തത്. പന്തടക്കത്തിലും പാസുകളിലും യുറുഗ്വായ്‌ക്കൊപ്പം നിന്നുതന്നെ പൊരുതിയെങ്കിലും അമേരിക്കയ്ക്ക് വിജയം നേടാനായില്ല.ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബൊളീവിയയെ തകര്‍ത്ത് പനാമയും ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പനാമയുടെ വിജയം. ജോസ് ഫയാര്‍ഡോ (22), എഡ്വാര്‍ഡോ ഗുറെയ്‌റോ (79), സെസാര്‍ യാനിസ് (90+1) എന്നിവര്‍ പനാമയ്ക്ക് വേണ്ടി ഗോള്‍ നേടിയപ്പോള്‍ ബ്രൂണോ മിറാന്‍ഡ (69) ബൊളീവിയയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി.