കശ്മീരില്‍ തുടരുന്ന ഭീകരാക്രമണങ്ങള്‍: പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം
ന്യൂഡല്‍ഹി: കശ്മീരില്‍ തുടരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല സുരക്ഷാ സമിതി യോഗം ചേർന്നു.
ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. യോഗം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ജൂണിലും യോഗം ചേർന്നിരുന്നു. കഴിഞ്ഞ 32 മാസത്തിനിടെ 48 സൈനികരാണ് കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കശ്മീരിലെ ദോഡ ജില്ലയില്‍ വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ ആക്രമണത്തില്‍ രണ്ട് സൈനികർക്ക് പരിക്കേറ്റതാണ് ഒടുവില്‍ നടന്ന സംഭവം. ദോഡയിലെ കസ്തിഗഢ് മേഖലയിലാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്നത്.
ദോഡ ജില്ലയില്‍ തിങ്കളാഴ്ച രാത്രി സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മേജർ റാങ്കിലുള്ള ഓഫീസറടക്കം നാല് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. രാഷ്ട്രീയ റൈഫിള്‍സിന്റെ സ്പെഷ്യല്‍ ഓപ്പറേഷൻസ് വിഭാഗവും ജമ്മു കശ്മീർ പോലീസും ദോഡ നഗരത്തില്‍ നിന്ന് 55 കിലോമീറ്റർ അകലെയുള്ള വനമേഖലയില്‍ ഭീകരർക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് രാത്രിയോടെ ഏറ്റുമുട്ടലുണ്ടായത്.
തിങ്കളാഴ്ച വൈകീട്ടുണ്ടായ ആദ്യ ഏറ്റുമുട്ടലിനു പിന്നാലെ വനമേഖലയിലേക്ക് രക്ഷപ്പെട്ട ഭീകരവാദികളെ സുരക്ഷാസേന പിന്തുടർന്നു. രാത്രി ഒൻപതോടെ വനത്തിനുള്ളില്‍വച്ച് വീണ്ടും ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. ഭീകരർക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെ സുരക്ഷാസേനയ്ക്കുനേരെ അപ്രതീക്ഷിതമായി വെടിവെപ്പുണ്ടാവുകയായിരുന്നു. ഉടൻതന്നെ സൈന്യം ശക്തമായി തിരിച്ചടിച്ചു. അതിനിടെയാണ് അഞ്ച് സൈനികർക്ക് ഗുരുതര പരിക്കേറ്റത്. ഇവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഓഫീസറടക്കം നാലുപേരുടെ ജീവൻ രക്ഷിക്കാനായില്ല.