കരുവന്നൂര്‍ കേസ്: ഇ ഡി നടപടിയെ നിയമപരമായി നേരിടാനൊരുങ്ങി സി പി എം

കരുവന്നൂര്‍ കേസ്: ഇ ഡി നടപടിയെ നിയമപരമായി നേരിടാനൊരുങ്ങി സി പി എം
തൃശൂര്‍ | കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് സി പി എം തൃശൂര്‍ ജില്ലാകമ്മിറ്റിയുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള രണ്ട് സ്ഥിരനിക്ഷേപം ഉള്‍പ്പെടെയുള്ള ചില അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിന് വാങ്ങിയ 4.66 സെന്റ് സ്ഥലം കണ്ടുകെട്ടുകയും ചെയ്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉത്തരവിനെ നിയമപരമായി നേരിടാന്‍ സി പി എം. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റാണ് ഇക്കാര്യം അറിയിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ നയങ്ങളെ ശക്തമായി എതിര്‍ക്കുന്ന സി പി എമ്മിനെ തകര്‍ക്കാന്‍ കേന്ദ്ര ഏജന്‍സിയായ ഇ ഡിയെ ബി ജെ പി ദുരുപയോഗിക്കുകയാണെന്ന് സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടും. ക്രമക്കേട് നടത്തിയവരില്‍ ചിലരെ മാപ്പുസാക്ഷികളാക്കി അവരുടെ നിര്‍മിത മൊഴിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സി സി പി എം വിരുദ്ധ രാഷ്ട്രീയം കളിക്കുന്നത്. പാര്‍ട്ടിയുടെ വസ്തുവകകളും ബേങ്ക് നിക്ഷേപങ്ങളും കൈമാറ്റം ചെയ്യപ്പെടുമെന്ന വ്യാജേന ഇ ഡി ഇറക്കിയിട്ടുള്ള ഈ ഉത്തരവ് തികച്ചും അനാവശ്യവും സി പി എമ്മിനെതിരെ പുകമറ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയും മാത്രമുള്ളതാണ്.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഇലക്ട്രല്‍ ബോണ്ടിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടി സി പി എമ്മാണ്. 18,000 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ട് ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിക്കുകയും ചെയ്തു. ഇതിലുള്ള ശത്രുതയാണ് പാര്‍ട്ടിയെ വേട്ടയാടുന്നതിനുള്ള കാരണം. കേന്ദ്ര ഏജന്‍സിയുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും ബി ജെ പിയുടെ വര്‍ഗീയ വിഭജന നയങ്ങള്‍ക്കെതിരെ വീട്ടുവീഴ്ചയില്ലാതെ പോരാടുമെന്നും ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഇ ഡി കെട്ടിച്ചമച്ച കേസുകളുടെ വിവരങ്ങള്‍ ഉയര്‍ത്തിക്കാട്ടി അര്‍മാദിക്കുന്ന വലതുപ്രചാരകരുടെ ഇരട്ടത്താപ്പ് തിരിച്ചറിയണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു.

തൃശൂര്‍ ജില്ലയിലെ രണ്ട് പ്രമാദമായ സംഭവങ്ങളായിരുന്നു കൊടകര കുഴല്‍പ്പണ കേസും കൊടുങ്ങല്ലൂരിലെ കള്ളനോട്ടടിയും. അന്തര്‍സംസ്ഥാന ബന്ധങ്ങളുള്ള രാജ്യ വിരുദ്ധമായ ഈ കേസുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് സംസ്ഥാന പോലീസ് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടികള്‍ ഉണ്ടായില്ല. ബി ജെ പിക്കാര്‍ പ്രതികളായ കേസുകളായതിനാലാണ് ഇ ഡി, സി ബി ഐ എന്നീ ഏജന്‍സികള്‍ ഈ കേസുകള്‍ അന്വേഷിക്കാതെ കണ്ണടച്ചിരിക്കുന്നതെന്നും സി പി എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം കുറ്റപ്പെടുത്തി.
Previous Post Next Post