അഭ്യൂഹങ്ങള്‍ക്കിടെ യുപിയില്‍ നീക്കങ്ങള്‍ ചടുലം; മന്ത്രിസഭാ യോഗം വിളിച്ച്‌ യോഗി, ഗവര്‍ണറെ കണ്ടു

അഭ്യൂഹങ്ങള്‍ക്കിടെ യുപിയില്‍ നീക്കങ്ങള്‍ ചടുലം; മന്ത്രിസഭാ യോഗം വിളിച്ച്‌ യോഗി, ഗവര്‍ണറെ കണ്ടു
ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിലെ നിറംമങ്ങിയ പ്രകടനത്തിന്റെ പേരില്‍ ഉത്തർപ്രദേശ് ബി.ജെ.പിയില്‍ അഴിച്ചുപണി ഉണ്ടാവുമെന്ന സൂചനകള്‍ക്കിടെ ഡല്‍ഹിയിലും സംസ്ഥാനത്തും തിരക്കിട്ട ചർച്ചകള്‍.


മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജ്ഭവനിലെത്തി ഗവർണർ ആനന്ദിബെൻ പട്ടേലിനെ കണ്ടു. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു യോഗി ഗവർണറെ കണ്ടെത്.

മാസാവസാനം ആരംഭിക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തെക്കുറിച്ചുള്ള ചർച്ചകള്‍ക്കായാണ് യോഗി ഗവർണറെ കണ്ടതെന്ന് റിപ്പോർട്ടുകളുണ്ട്. വരാനിരിക്കുന്ന പത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയെന്നും വിവരമുണ്ട്. മന്ത്രിസഭാ പുനഃസംഘടനയും തള്ളിക്കളയാനാവില്ലെന്നും വിലയിരുത്തലുണ്ട്.

ഉപതിരഞ്ഞെടുപ്പായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ അജൻഡയെന്ന് ധനമന്ത്രി സുരേഷ് ഖന്ന പറഞ്ഞു. മുഴുവൻ സീറ്റുകളിലും തങ്ങള്‍ ജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസനപദ്ധതികളും മഴക്കെടുതി നേരിടാനുള്ള മുന്നൊരുക്കങ്ങളും വിലയിരുത്തിയതായി ജല്‍ശക്തി മന്ത്രി സ്വതന്ത്രദേവ് സിങ് അറിയിച്ചു. കൻവാർ യാത്രയ്ക്കായുള്ള ഒരുക്കങ്ങളും ചർച്ചയായതായി വിവരമുണ്ട്.


എം.എല്‍.എമാർ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് ഒൻപത് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇതില്‍ അഖിലേഷ് യാദവ് രാജിവെച്ച കർഹാളും ഉള്‍പ്പെടുന്നു. ഏഴുവർഷം തടവിന് ശിക്ഷിക്കപ്പെട്ട എസ്.പി. എം.എല്‍.എ. ഇർഫാൻ സോളങ്കി അയോഗ്യനാക്കപ്പെട്ടതിനെത്തുടർന്നാണ് ഒരു സീറ്റില്‍ ഉപതിരഞ്ഞെടുപ്പ്.
Previous Post Next Post