ആഗോള ഐടി പ്രതിസന്ധി ബാധിക്കാത്ത ഒരേയൊരു രാജ്യമോ; ചൈനയില്‍ വിമാനങ്ങള്‍ കൃത്യസമയത്ത് പറന്നു- റിപ്പോര്‍ട്ട്
ബീജിംഗ്: ക്രൗഡ്‌സ്ട്രൈക്കിന്‍റെ അപ്‌ഡേറ്റിലുണ്ടായ പിഴവിനെ തുടര്‍ന്ന് മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഒഎസിലുള്ള കമ്ബ്യൂട്ടറുകള്‍ തകരാറിലായതോടെ ലോകം നിശ്ചലമായപ്പോഴും കുലക്കമില്ലാതെ ചൈന.
അമേരിക്കന്‍ കമ്ബനികളായ മൈക്രോസോഫ്റ്റിന്‍റെയും ക്രൗഡ്‌സ്ട്രൈക്കിന്‍റേയും സേവനങ്ങള്‍ അധികം ചൈനയിലെ കമ്ബനികള്‍ ഉപയോഗിക്കാത്തതാണ് രക്ഷയായത്. വിന്‍ഡോസ് സിസ്റ്റങ്ങള്‍ പണിമുടക്കിയതോടെ ലോകവ്യാപകമായി വിമാന സര്‍വീസുകള്‍ മുടങ്ങിയപ്പോള്‍ ചൈനയില്‍ ഒരു തടസവുമില്ലാതെ കൃത്യസമയത്ത് വിമാനങ്ങള്‍ പറന്നതായാണ് റിപ്പോര്‍ട്ട്.
വിന്‍ഡോസ് ഒഎസിലെ പ്രശ്‌നം ചരിത്രത്തിലെ ഏറ്റവും വലിയ ഐടി പ്രതിസന്ധിയായി മാറിയപ്പോള്‍ ഏറ്റവും സുരക്ഷിതമായ രാജ്യം ചൈനയാണ് എന്ന് രാജ്യാന്തര മാധ്യമമായ ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൈക്രോസോഫ്റ്റിന് സുരക്ഷാ സേവനങ്ങള്‍ നല്‍കുന്ന കമ്ബനിയായ ക്രൗഡ്‌സ്ട്രൈക്കിന്‍റെ സേവനങ്ങള്‍ ചൈനയില്‍ വളരെ കുറച്ച് മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നതാണ് ഇതിന് കാരണം. വളരെ കുറച്ച് ചൈനീസ് കമ്ബനികളെ സൈബര്‍ സെക്യൂരിറ്റിക്കായി ക്രൗഡ്സ്ട്രൈക്കിനെ ആശ്രയിക്കുന്നുള്ളൂ. മൈക്രോസോഫ്റ്റിന്‍റെ സേവനങ്ങളും മറ്റ് ലോക രാജ്യങ്ങളെ പോലെ ചൈന വാങ്ങുന്നില്ല. ആലിബാബ, ടെന്‍സെന്‍റ്, വാവെയ് തുടങ്ങിയ ചൈനീസ് കമ്ബനികളാണ് ചൈനയിലെ പ്രധാന ക്രൗഡ് സേവനദാതാക്കള്‍.