കെ.സുധാകരനെതിരെ ആഞ്ഞടിച്ച് വി.ഡി സതീശൻ; കെ.പി.സി.സി ഓഫീസിലേക്ക് കയറാൻ പറ്റാത്ത സാഹചര്യമെന്ന് വിമർശനം
കെ.പി.സി.സി നേതൃ ക്യാമ്പിൽ അധ്യക്ഷൻ കെ സുധാകരനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ.പി.സി.സി ഓഫീസിലേക്ക് കയറാൻ പറ്റാത്ത സാഹചര്യമാണെന്ന് സതീശൻ പറഞ്ഞു. ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ പലതും പുറത്തുപറയാൻ കൊള്ളില്ല. മണ്ഡലം പുനഃസംഘടനയിൽ എ ഗ്രൂപ്പും കെ സുധാകരനെതിരെ രംഗത്തെത്തി. രാഷ്ട്രീയകാര്യ സമിതിയിലാണ് സുധാകരനെതിരെ കടുത്ത വിമർശനമുയർന്നത്. നേരത്തെയും കെപിസിസി അധ്യക്ഷന്റെ നടപടികളിൽ സതീശന് അതൃപ്തിയുണ്ടായിരുന്നു. പലതവണ അദ്ദേഹം അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്രയും വിമർശനമുയർന്നിട്ടും സുധാകരൻ ഒരക്ഷരം മറുപടി നൽകിയില്ലെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ നേതൃക്യാമ്പിലെ മറ്റ് യോഗങ്ങളിൽ വിമർശനമുണ്ടായില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ചർച്ചയായത്. വിമർശനം രാഷ്ട്രീയകാര്യ സമിതിയിൽ മാത്രമായി ഒതുക്കുകയായിരുന്നു. കൂടോത്ര വിവാദത്തിലടക്കമുള്ള അതൃപ്തിയാണ് വി ഡി സതീശൻ രാഷ്ട്രീയകാര്യ സമിതിയിൽ ഉന്നയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല അതൃപ്തികളും സതീശൻ എഐസിസിയെ അറിയിച്ചിരുന്നു.കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിലുള്ള തർക്കം മുറുകുന്നതിന്റെ സൂചന കൂടിയാണ് രാഷ്ട്രീയകാര്യ സമിതിയിലെ സതീശന്റെ കടന്നാക്രമണത്തെ വിലയിരുത്തുന്നത്.