കേദാര്‍നാഥ് പാതയില്‍ മണ്ണിടിച്ചിലില്‍ മൂന്ന് മരണം; നിരവധി പേര്‍ക്ക് പരിക്ക്

കേദാര്‍നാഥ് പാതയില്‍ മണ്ണിടിച്ചിലില്‍ മൂന്ന് മരണം; നിരവധി പേര്‍ക്ക് പരിക്ക്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ചിദ്വാസയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് മരണം. ഉരുള്‍പൊട്ടലില്‍ കല്ലും അവശിഷ്ടങ്ങളും വീണ് എട്ട് പേർക്ക് പരിക്കേറ്റു.


തീർഥാടന കേന്ദ്രമായ കേദാർനാഥ് പാതയിലാണ് സംഭവം. ദുരന്തനിവാരണ സേന സംഘം എത്തി പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചു. മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ജില്ല പൊലീസിന് കൈമാറി.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അപകടത്തില്‍ ദു:ഖം രേഖപ്പെടുത്തി. 'കേദാർനാഥ് റൂട്ടിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേർക്ക് പരിക്കേറ്റത് വാർത്ത വളരെ സങ്കടകരമാണ്'. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും പരിക്കേറ്റവരെ പരിചരിക്കുമെന്നും അദ്ദേഹം എക്സ് പോസ്റ്റില്‍ കുറിച്ചു. ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നുണ്ടെന്നും അപകടത്തില്‍ പരിക്കേറ്റവർക്ക് ഉടനടി മെച്ചപ്പെട്ട ചികിത്സ നല്‍കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൗരികുണ്ഡില്‍ നിന്ന് കേദാർനാഥ് ധാമിലേക്ക് പോകുകവെയാണ് അപകടം സംഭവിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി 26 ലക്ഷത്തിലധികം തീർത്ഥാടകർ ചാർ ധാം യാത്രയില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ ഏഴ് ലക്ഷം ഭക്തരാണ് ചാർധാം സന്ദർശിച്ചത്. ഈ വർഷം ആദ്യം രാജസ്ഥാനിലെ ദൗസയില്‍ ചാർ ധാം യാത്രയില്‍ നിന്ന് തീർഥാടകരുമായി പോയ ബസ് മറിഞ്ഞ് 20 പേർക്ക് പരിക്കേറ്റിരുന്നു. കേദാർനാഥില്‍ നിന്ന് ബദരീനാഥിലേക്ക് മടങ്ങുകയായിരുന്നു തീർത്ഥാടകർ.
Previous Post Next Post